നൈജീരിയയില്‍ ഇരട്ട സ്‌ഫോടനം; 118 മരണം

Posted on: May 22, 2014 12:07 am | Last updated: May 22, 2014 at 12:07 am

ജോസ്: നൈജീരിയയിലെ വന്‍ നഗരങ്ങളിലൊന്നായ ജോസിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ 118 പേര്‍ മരിച്ചു. തിരക്കേറിയ മാര്‍ക്കറ്റിലെ ബസ് ടെര്‍മിനലിലാണ് ശക്തിയേറിയ സ്‌ഫോടനങ്ങളുണ്ടായത്. കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ടെന്ന് ദേശീയ അടിയന്തര കാര്യനിര്‍വഹണ വിഭാഗം കോ ഓഡിനേറ്റര്‍ മുഹമ്മദ് അബ്ദുസ്സലാം അറിയിച്ചു. ഇതുവരെ 118 മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കിയാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ മാസം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ പ്രദേശത്തിന് സമീപമുള്ള അലഗാമോ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 17 പേര്‍ മരിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
ട്രക്കിലും മിനി ബസിലുമാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. ആദ്യ സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ജനങ്ങള്‍ ഓടിക്കൂടിയപ്പോഴാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. പതിനഞ്ച് മിനിട്ടിനുള്ളിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണത്തെ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ അപലപിച്ചു. ക്രൂരവും പൈശാചികവുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോ ഹറാമാണ് പിന്നിലെന്നാണ് സംശയം. ബോക്കോ ഹറാം ആക്രമണം നടത്താത്ത സ്ഥലങ്ങളിലൊന്നായിരുന്നു ജോസ്. വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയതിനു ശേഷം ബോക്കോ ഹറാമിനെതിരെ ആഗോള ശക്തികളുടെ സഹായത്തോടെ വന്‍ നടപടിയാണ് ഒരുങ്ങുന്നത്. ഇത് ഉപേക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്താനാണ് പുതിയ ആക്രമണമെന്നാണ് കരുതുന്നത്.
അതേസമയം, ഇന്നലെ ആക്രമണം നടന്ന വടക്കുകിഴക്കന്‍ മേഖലയിലെ അലഗാമോ ഗ്രാമത്തില്‍ അക്രമികളുടെ തേര്‍വാഴ്ചയായിരുന്നു. കൊന്നും കൊള്ളയടിച്ചും അക്രമികള്‍ മണിക്കൂറുകളോളം ഗ്രാമത്തില്‍ ചെലവഴിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയ ചിബോക് ഗ്രാമത്തിന്റെ അയല്‍ പ്രദേശമാണ് അലഗാമോ. പെണ്‍കുട്ടികളെ കണ്ടെത്താന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ സൈനിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തിരച്ചില്‍ ആരംഭിക്കാനുള്ള അന്തിമ ഘട്ടത്തിലാണ് നൈജീരിയന്‍ സൈന്യം.