ഭരണമാറ്റം; അഞ്ച് ഗവര്‍ണര്‍മാരുടെ ഭാവി തുലാസില്‍

Posted on: May 21, 2014 12:02 am | Last updated: May 21, 2014 at 12:27 am

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റെടുക്കാനിരിക്കെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഗവര്‍ണര്‍മാരില്‍ അഞ്ച് പേരെങ്കിലും ഉടന്‍ സ്ഥാനമൊഴിയും. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്, ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാള്‍, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി, പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍ എന്നിവരുടെ ഭാവിയാണ് തുലാസിലാടുന്നത്.
കേന്ദ്രത്തില്‍ അധികാരമാറ്റം നടക്കുമ്പോള്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയേണ്ട കാര്യമില്ലെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ പിന്തുടര്‍ന്നുവന്ന കീഴ്‌വഴക്കം രാജിവെക്കലാണ്. പ്രത്യേകിച്ച് രാഷ്ട്രീയ നിയമനങ്ങള്‍ ആണെങ്കില്‍.
ഗുജറാത്ത് ഗവര്‍ണര്‍ കമല ബെനിവാള്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി ജെ പി വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും വീണ്ടും ബി ജെ പിയില്‍ തിരിച്ചെത്തിയ ബി എസ് യെഡിയൂരപ്പയുമായി കലഹത്തിലായിരുന്നു.
കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തെ തുടര്‍ന്നാണ് കേരള ഗവര്‍ണറായി നിയോഗിക്കപ്പെട്ടത്. ഗവര്‍ണര്‍സ്ഥാനം ഒഴിയാന്‍ ആരേയും നിര്‍ബന്ധിക്കാനാകില്ല. അതുപോലെ രാജിവെക്കണമെന്ന് അനുശാസിക്കുന്ന നിയമങ്ങളുമില്ല. സാധാരണ ഗതിയില്‍ ഗവര്‍ണര്‍മാര്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുകയാണ് പതിവ്.
എന്നാല്‍, 2004ല്‍ യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്‍ ഡി എ നിയോഗിച്ച ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ നിലപാട് എന്‍ ഡി എയും സ്വീകരിക്കുമോ എന്ന് കണ്ടറിയണം.
ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ കേന്ദ്രത്തിലെ ഭരണമാറ്റത്തിനനുസരിച്ച് സ്ഥാനം ഒഴിയാറുണ്ട്. പ്രധാനമന്ത്രിയാണ് ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനെന്നിരിക്കെ, പ്രധാനമന്ത്രി രാജിവെച്ചാല്‍ മുഴുവന്‍ അംഗങ്ങളും രാജിവെക്കും. മൊണ്ടേക് സിംഗ് അലുവാലിയ ഉപാധ്യക്ഷനായ ആസൂത്രണ കമ്മീഷനിലെ അംഗങ്ങള്‍ ബി കെ ചതുര്‍വേദി, സുമിത്രാ ചൗധരി, സയീദ ഹമീദ്, നരേന്ദ്ര ജാദവ്, അഭിജിത് സെന്‍, മിഹിര്‍ ഷാ, കെ കസ്തൂരിരംഗന്‍, അരുണ്‍ മിറ എന്നിവരായിരുന്നു.
സി രംഗരാജന്റെ നേതൃത്വത്തിലുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി കഴിഞ്ഞ തിങ്കളാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.