അംഗീകൃത ചിട്ടികളുടെ പേര് വിവരം പ്രസിദ്ധീകരിക്കും

Posted on: May 21, 2014 12:56 am | Last updated: May 20, 2014 at 11:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത ചിട്ടികളുടെയും അവ നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച് നടന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് രജിസ്‌ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ റെയ്ഡുകളില്‍ സംസ്ഥാനത്താകെ 31 സ്ഥാപനങ്ങളിലായി 681 ചിട്ടികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നടപടി. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം അവയുടെ ബ്രാഞ്ചുകള്‍ എന്ന പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ചിട്ടികള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും.
മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്താതെ ചിട്ടികള്‍ പരസ്യം ചെയ്യുന്നതും കുറ്റകരമാണ്. പരിശോധനകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ കൂടുതല്‍ ബോധവത്കരണം നടത്തും. കെ എസ് എഫ് ഇ സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിയമങ്ങളെയും അതിന്റെ പ്രായോഗിക വശങ്ങളേയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ചിട്ടി, വിവാഹം, ചാരിറ്റബിള്‍ സൊസൈറ്റി, പാര്‍ട്ണര്‍ഷിപ്പ്, നോണ്‍ട്രേഡിംഗ് കമ്പനി എന്നിവ സംബന്ധിച്ച നിയമങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം പ്രദാനം ചെയ്യുന്നതിനും വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
ഇതിനായി കൂത്താട്ടുകുളം കേന്ദ്രീകരിച്ച് സെന്റര്‍ ഫോര്‍ ലാന്‍ഡ് രജിസ്‌ട്രേഷന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് എന്ന പരിശീലന കേന്ദ്രം സ്ഥാപിക്കും. അതിനുള്ള പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു.