Connect with us

Gulf

റാസല്‍ഖൈമയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാത്രി 12 വരെ

Published

|

Last Updated

റാസല്‍ഖൈമ: എമിറേറ്റിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയവുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. റാസല്‍ഖൈമയില്‍ ഇക്കണോമിക് ഡവലപ്‌മെന്റ് വിഭാഗമാണ് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 12 മണിവരെ മാത്രമെ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഇതിലധികം സമയം ആവശ്യമുള്ള സ്ഥാപന ഉടമകള്‍ ഇക്കണോമിക് വകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രത്യേക രേഖാമൂലമുള്ള അനുമതി സംഘടിപ്പിക്കേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പുലര്‍ച്ചെ രണ്ട് മണിവരെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
അധികസമയം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പില്‍ പ്രത്യേക ഫീസ് അടക്കേണ്ടതുണ്ട്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടവര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അനുമതി ലഭിക്കുന്നതാണ്. ഇത്തരം സ്ഥാപനങ്ങളും പ്രത്യേക ഫീസ് അടക്കേണ്ടതുണ്ട്. റമസാന്‍, പെരുന്നാളുകള്‍ തുടങ്ങിയ സമയങ്ങളിലല്ലാത്ത മറ്റു ദിവസങ്ങളിലാണ് 24 മണിക്കൂറിന്റെ അനുമതി ബാധകമാവുകയുള്ളു. എന്നാല്‍, ഫാര്‍മസികള്‍ക്ക് പ്രത്യേക ഫീസ് നല്‍കാതെ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പുതിയ സര്‍ക്കുലര്‍ പ്രകാരമുള്ള നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 5,000 ദിര്‍ഹം പിഴയുള്‍പ്പെടെയുള്ള നിയമ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ജൂണ്‍ ആദ്യം മുതലാണ് പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരിക. ജനവാസ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ നിയമം ബാധമാക്കിയിട്ടില്ല.

Latest