Connect with us

Ongoing News

സംസ്ഥാനത്തെ ശുചിത്വമില്ലാത്ത 11 ഹോട്ടലുകള്‍ അടപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ശുചിത്വം കുറയുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. സംസ്ഥാനത്ത് ഇന്നലെ 11 ഹോട്ടലുകള്‍ അടപ്പിച്ചു. 54 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 57 ഹോട്ടലുകളില്‍ നിന്ന് 3,23,200 രൂപ പിഴ ഈടാക്കി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നന്ദാവനം, കിഴക്കേ കോട്ട, ഓവര്‍ബ്രിഡ്ജ്, ബേക്കറി ജംഗ്ഷന്‍, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, പോങ്ങുംമൂട്, നാലാഞ്ചിറ, മംഗലപുരം, തോന്നക്കല്‍, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഹോട്ടലുകളിലും എറണാകുളം ജില്ലയിലെ കലൂര്‍, ആലുവ, മൂവാറ്റുപുഴ, തൃപ്പുണിത്തുറ, പറവൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമാണ് പരിശോധന നടന്നത്.
എറണാകുളം, ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. പല ഹോട്ടലുകളിലും വൃത്തിഹീനമായ അവസ്ഥയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ ഹോട്ടലുകളിലെ സ്ഥിതി വളരെ പരിതാപകരവും വൃത്തിഹീനവുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.