ഒരു കിരീടം ആഗ്രഹിച്ച് ആഴ്‌സണല്‍

Posted on: May 17, 2014 8:40 am | Last updated: May 17, 2014 at 8:40 am

5goBV7mലണ്ടന്‍: ഒമ്പത് വര്‍ഷമായി കിരീടം അന്വേഷിച്ചു നടക്കുന്ന ആഴ്‌സണലിന് ഇന്ന് സുവര്‍ണാവസരം. വെംബ്ലിയില്‍ എഫ് എ കപ്പ് ഫൈനലില്‍ ഹള്‍ സിറ്റിയെ തോല്‍പ്പിച്ചാല്‍ ആഴ്‌സണലിനും കോച്ച് ആര്‍സെന്‍ വെംഗര്‍ക്കും വിമര്‍ശകര്‍ക്ക് നേരിയ തോതിലെങ്കിലും മറുപടി നല്‍കാം. 2005 എഫ് എ കപ്പ് ഉയര്‍ത്തിയതാണ് ആഴ്‌സണലിന്റെ അവസാന കിരീട നേട്ടം.
കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് വെംഗറും സംഘവും അന്ന് എഫ് എ കപ്പില്‍ മുത്തമിട്ടത്. പിന്നീട് പോര്‍ട്‌സ്മൗത്, ബിമിംഗ്ഹാം സിറ്റി, സ്വാന്‍സിയ സിറ്റി, വിഗാന്‍ അത്‌ലറ്റിക് ടീമുകള്‍ എഫ് എ കപ്പ് ജേതാക്കളായുര്‍ന്നപ്പോഴും ആഴ്‌സണലിന് കിരീടം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. ഇക്കാലയളവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ആഴ്‌സണല്‍ പിന്തള്ളപ്പെട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗിന് സ്ഥിരമായി യോഗ്യത നേടുന്നത് മാത്രമായിരുന്നു വെംഗറുടെ മികവ്. ഇത്തവണയും അതിന് മാറ്റമില്ല. സീസണിന്റെ തുടക്കത്തില്‍ ഒന്നാം സ്ഥാനത്ത് കുതിച്ച ആഴ്‌സണല്‍ പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി ടീമുകളുടെ കുതിപ്പില്‍ പിറകിലായി. എവര്‍ട്ടന്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നാണ് ലീഗില്‍ നാലാം സ്ഥാനം പിടിച്ചത്.
കിരീടമില്ലെങ്കില്‍ സീസണോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ആര്‍സെന്‍ വെംഗര്‍. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും എഫ് എ കപ്പ് ഫലമായിരിക്കും അറുപത്തിനാലുകാരനായ ഫ്രഞ്ച് കോച്ചിന്റെ ഭാവി നിശ്ചയിക്കുക.
എഫ് എ കപ്പ് ജയത്തോടെ ആഴ്‌സണലിന്റെ വിജയയുഗം ആരംഭിക്കുമെന്നാണ് വെംഗറും ടീം അംഗങ്ങളും പ്രവചിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ പതിനാറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹള്‍ സിറ്റി ആദ്യമായാണ് എഫ് എ കപ്പിന്റെ ഫൈനലിലെത്തുന്നത്. ആഴ്‌സണലിന് മുന്നില്‍ ഹള്‍ സിറ്റി ദുര്‍ബല നിരയാണ്. എന്നാല്‍ എതിരാളിയെ എഴുതിത്തള്ളുന്നത് എത്ര കണ്ട് അപകടമാണെന്ന് ആഴ്‌സണലിന് മുന്‍കാല അനുഭവമുണ്ട്. 2011 ലീഗ് കപ്പ് ഫൈനലില്‍ ബിര്‍മിംഗ്ഹാമിനോട് തോറ്റത് ഉദാഹരണം. ഇത്തവണ എഫ് എ കപ്പ് സെമിഫൈനലില്‍ വിഗാന്‍ അത്‌ലറ്റിക്കിനെ എളുപ്പം കീഴടക്കാമെന്ന് പ്രതീക്ഷിച്ച ആഴ്‌സണലിന് ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
ഹള്‍ സിറ്റിയെ വീഴ്ത്തിയാല്‍ പതിനൊന്ന് എഫ് എ കപ്പ് കിരീടങ്ങളുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ആഴ്‌സണലിന് സാധിക്കും. ഹള്‍ സിറ്റിയുടെ ട്രോഫി കാബിനറ്റ് കാലിയാണ്. 110 വര്‍ഷത്തെ പാരമ്പര്യമുള്ള ഹള്‍ സിറ്റി ഇംഗ്ലണ്ടിലെ വടക്ക്കിഴക്ക് തീരദേശത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രധാനമായും റഗ്ബിയാണ് ഹള്ളിലെ വിനോദം. 2004 ല്‍ നാലാം ഡിവിഷനില്‍ കളിച്ച ഹള്‍ 2010 ല്‍ കടക്കെണിയില്‍ പെടുകയും ലീഗില്‍ തരംതാഴ്ത്തപ്പെടുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം രണ്ട് തവണ എഫ് എ കപ്പ് മെഡലണിഞ്ഞ സ്റ്റീവ് ബ്രൂസാണ് ഹള്‍ സിറ്റിയുടെ പരിശീലകന്‍. ഫൈനലില്‍ ആഴ്‌സണലിനോട് തോറ്റാലും അടുത്ത സീസണില്‍ യുവേഫ യൂറോപ ലീഗില്‍ കളിക്കാന്‍ ഹള്‍ സിറ്റിക്ക് സാധിക്കും. ജേതാക്കള്‍ യൂറോപ ലീഗക്ക് യോഗ്യത നേടുമെന്നിരിക്കെ, ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയതാണ് ഹള്ളിന് തുണയായത്.