കാസര്‍ക്കോട്ടേത് സി പി എമ്മിനുള്ള വോട്ടര്‍മാരുടെ മുന്നറിയിപ്പ്

Posted on: May 17, 2014 12:12 am | Last updated: May 17, 2014 at 12:12 am

കണ്ണൂര്‍: സി പി എമ്മിന് ഏറ്റവും കരുത്തുള്ള പാര്‍ട്ടി ഗ്രാമങ്ങളുള്‍പ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ വോട്ടുനില കുത്തനെ കുറഞ്ഞത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ കനത്ത ഞെട്ടലുളവാക്കി. അനായാസേന എപ്പോഴും പാര്‍ട്ടിക്ക് ജയിച്ചു കയറാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്ന കാസര്‍കോട് മണ്ഡലത്തില്‍ ചരിത്രത്തിലിതുവരെയില്ലാത്ത രീതിയില്‍ ഇടതുവോട്ട് കുത്തനെ കുറഞ്ഞില്ലാതായതാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കിയത്.

പയ്യന്നൂര്‍, കല്യാശ്ശേരി തുടങ്ങിയ കണ്ണൂരിലെ ചുവപ്പന്‍ ഗ്രാമങ്ങളും കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ മണ്ഡലവുമാണ് എക്കാലത്തും കാസര്‍കോട്ടെ ഇടതുസാന്നിധ്യത്തിന് കരുത്തേകിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഈ വോട്ടിന്റെ മുന്‍തൂക്കം കാണാനുമുണ്ടാകാറുണ്ട്. എന്നാല്‍ ഇക്കുറി ഇടതുകോട്ട ഇളക്കി മറിക്കുന്ന രീതിയിലുള്ള ഫലപ്രഖ്യാപനമാണ് കാസര്‍കോട് നിന്നും പുറത്തുവന്നത്. വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം മാത്രം നിന്ന കാസര്‍കോട് എ കെ ജിക്ക് പകരക്കാരനായി വന്ന നായനാരെ കോണ്‍ഗ്രസ് സാരഥി കടന്നപ്പള്ളി രാമചന്ദ്രന്‍ അട്ടിമറിച്ചതും ഒരു തവണ രാമറൈ കോണ്‍ഗ്രസ് സീറ്റില്‍ ജയിച്ചതും മാത്രമാണ് സി പി എമ്മിനേറ്റ തിരിച്ചടിയായി രേഖപ്പെടുത്തപ്പെടുത്തിയിട്ടുള്ളത്. അതിന് മുമ്പും പിമ്പും ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ് കാസര്‍കോട്ടെ ഇടതുസ്ഥാനാര്‍ഥികള്‍ നേടിയെടുത്തത്. കേരളത്തില്‍ ഏറ്റവുമധികം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലൊന്ന് കാസര്‍കോടായി മാറാറുണ്ടായിരുന്നു.
കഴിഞ്ഞ തവണ 64,427 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ പി കരുണാകരന്‍ ഇത്തവണ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്ന സി പി എമ്മിന്റെ കണക്കുകൂട്ടലുകള്‍. ഇതിനായി രാവും പകലും അരങ്ങിലും അണിയറയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കച്ചകെട്ടി രംഗത്തിറങ്ങി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷമായ അറുപതിനായിരത്തില്‍ നിന്ന് ആറായിരമായി ഇത്തവണ കുറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അണികളും നേതൃത്വവും ഒന്നടങ്കം ഞെട്ടിപ്പോകുകയായിരുന്നു. കഴിഞ്ഞ തവണത്തെ മുഖ്യ എതിരാളിയായിരുന്ന ഷാഹിദ കമാല്‍ നേടിയ വോട്ടിനേക്കാള്‍ 5000 വോട്ടാണ് ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥി നേടിയെടുത്തത്.
ബി ജെ പിയുടെ സുരേന്ദ്രനും വോട്ടുനില മെച്ചപ്പെടുത്തി. സ്വതന്ത്രന്മാരും ‘നോട്ട’ യും വോട്ടുകള്‍ വാരിക്കൂട്ടിയപ്പോള്‍ സി പി എമ്മിന് മാത്രമാണ് വോട്ട് കുറഞ്ഞത്. പാര്‍ട്ടിക്ക് ഇത്രയധികം വേരുള്ള പ്രദേശമായിട്ടും എന്തുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ ഇന്നലെ തന്നെ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് വോട്ട് കുറഞ്ഞിട്ടുണ്ടോ,പുതുതലമുറയുടെ വോട്ട് ഏത് രീതിയിലാണ് വിനിയോഗിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും അന്വേഷിക്കാനാണ് പ്രധാനമായും പാര്‍ട്ടി ആലോചിക്കുന്നത്. അടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ പ്രധാന ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നും ഒരു ഉന്നത നേതാവ് പറഞ്ഞു.
അതേസമയം രണ്ട് തവണ മത്സരിച്ച് ജയിച്ച പി കരുണാകരന്‍ ഇത്തവണ മാറിനില്‍ക്കണമെന്ന ആവശ്യം തുടക്കത്തില്‍ പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട സി പി എമ്മിന്റെ യുവനേതൃനിരയിലെ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ പി കരുണാകരന്‍ തന്നെയായിരുന്നു സ്ഥാനാര്‍ഥിയായി എത്തിയത്. പ്രചാരണത്തിലും മറ്റും ഇടതുസ്ഥാനാര്‍ഥിക്ക് തന്നെയായിരുന്നുമുന്നേറ്റമെങ്കിലും എന്തുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്ന ചോദ്യം സി പി എമ്മിന് മുന്നില്‍ വരുംദിവസങ്ങളില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും.