Connect with us

Ongoing News

ആകാംക്ഷയില്‍ പാര്‍ട്ടി ആസ്ഥാനങ്ങള്‍; ആവേശത്തില്‍ അണികള്‍

Published

|

Last Updated

തിരുവനന്തപുരം: കനത്ത പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ ലീഡ് നില മാറിമറിഞ്ഞപ്പോള്‍ പാര്‍ട്ടികളുടെ ആസ്ഥാനങ്ങളില്‍ ഉദ്വേഗത്തിന്റെ നീണ്ട ഒരു പകല്‍. സി പി എം ആസ്ഥാനമായ എ കെ ജി സെന്ററിലും കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാ ഭവനിലും ബി ജെ പി കേന്ദ്രമായ മാരാര്‍ജി ഭവനിലും ഈ ആകാംക്ഷ പ്രകടമായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങിയ രാവിലെ എട്ടിനുതന്നെ എ കെ ജി സെന്ററില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുയായികളുടെയും വന്‍നിര എത്തിച്ചേര്‍ന്നിരുന്നു. ഏഴ് മണിക്ക് ദൃശ്യ, പത്ര മാധ്യമപ്രവര്‍ത്തകരും ഇവിടെ നിലയുറപ്പിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എം എ ബേബി എന്നിവര്‍ നേരത്തെ തന്നെ എ കെ ജി സെന്ററിലേക്കെത്തി. തൊട്ടുപിന്നലെ പിണറായി വിജയനും കടന്നപ്പള്ളി രാമചന്ദ്രനും. പിന്നാലെ പ്രദേശിക നേതാക്കളും. എ കെ ജി സെന്ററിന്റെ താഴത്തെ നിലയിലായിരുന്നു ഫലമറിയുന്നതിനായി ടെലിവിഷന്‍ സൗകര്യമൊരുക്കിയിരുന്നത്.
വിധി ആദ്യ ഘട്ടത്തില്‍ എല്‍ ഡി എഫിന് അനുകൂലമായതോടെയാണ് എ കെ ജി സെന്ററില്‍ ആവേശം അലയടിച്ചത്. കണ്ണൂരിലെ പി കെ ശ്രീമതി, ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജ് എന്നിവരുടെ ലീഡ് നിലയാണ് പല തവണ മാറിമറിഞ്ഞത്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂര്‍ കെ സുധാകരന്‍ വിജയം ഉറപ്പിച്ച മണ്ഡലമായിരുന്നു. എന്നാല്‍ അവസാന റൗണ്ട് വോട്ടെണ്ണലില്‍ ശ്രീമതി മികച്ച ഭൂരിപക്ഷത്തോടെ സുരക്ഷിത നിലയിലെത്തി. 5,133 വോട്ടിന്റെ ലീഡ് പിന്നീട് 6,566 ആയി മെച്ചപ്പെടുത്തി. ഇതോടെ എ കെ ജി സെന്ററില്‍ ആവേശം അണപൊട്ടി. കൈയടിച്ചും പരസ്പരം കെട്ടിപ്പുണര്‍ന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു. പി കെ ശ്രീമതിക്ക് പിന്നാലെ പി കരുണാകരന്‍, ജോയ്‌സ് ജോര്‍ജ്, ഇന്നസെന്റ്, സി എന്‍ ജയദേവന്‍ എന്നിവരുടെ ഫലം പുറത്തുവന്നതോടെ അണികളുടെ ആവേശം ഇരട്ടിയായി. ഉച്ചയോടെ എട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.
തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് നേടാനായെങ്കിലും കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഇന്നലെ വലിയ ആരവങ്ങള്‍ ഉയര്‍ന്നില്ല. ദേശീയ തലത്തില്‍ നേരിട്ട വന്‍ പരാജയവും സംസ്ഥാനത്തെ ഇഞ്ചോടിഞ്ച് പോരാട്ടവും വലിയ നിരാശയോടെയാണ് നേതാക്കളും അണികളും വീക്ഷിച്ചത്. പതിവിനു വീപരീതമായി അണികളുടെ നീണ്ട നിരയും കാണാനായില്ല. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും 8.55നാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഇന്ദിരാഭവനിലെത്തിയത്.
തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെ പിന്നിലാക്കി ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റെ മുന്നേറ്റം തുടര്‍ന്നതോടെ നേതാക്കളിലും അണികളിലും മ്ലാനത. അതിനിടെ, രാജഗോപാലിന്റെ ലീഡ് പടിപടിയായി 14,000ലേക്ക്. 75 ശതമാനം പിന്നിട്ടപ്പോഴേക്കും രാജഗോപാലിന്റെ ലീഡ് 14,000ല്‍ നിന്ന് കുത്തനെ താഴേക്ക്. 84 ശതമാനം പിന്നിട്ടപ്പോള്‍ 2,983 വോട്ടുകളുമായി തരൂര്‍ മുന്നില്‍. 11.15ഓടെ തരൂരിന്റെ ലീഡ് നില 4,522 ആയി ഉയര്‍ന്നപ്പോള്‍ എല്ലാവരുടെയും മുഖത്ത് ആശ്വാസം. ഇതിനിടെ ലീഡ് ഉയര്‍ത്തിയ കെ വി തോമസിനെയും ടി സിദ്ദീഖിനെയും കെ പി സി സി അധ്യക്ഷന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന ലാപ്പില്‍ തരൂര്‍ ലീഡ് നിലനിര്‍ത്തിയതോടെ ഇന്ദിരാഭവനില്‍ ആവേശമുയര്‍ന്നു. വൈകീട്ട് മൂന്നോടെ ഇന്ദിരാഭവനിലെത്തിയ ശശി തരൂരിനു ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം തന്നെ ബി ജെ പിയുടെ മുന്നേറ്റം പ്രതിഫലിച്ചതോടെ അത് തിരുവനന്തപുരത്തും ആവര്‍ത്തിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ബി ജെ പി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ തടിച്ചുകൂടിയ ബി ജെ പി പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇതിന് ഊര്‍ജം പകരുന്നതായിരുന്നു ആദ്യ മൂന്ന് മണിക്കൂറിലെ ഒ രാജഗോപാലിന്റെ മുന്നേറ്റം. ഇതോടെ മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ രാജഗോപാലിന്റെ പേരുവിളിച്ചു ജയ് വിളികളും ഉയര്‍ന്നുകേട്ടു. ലീഡ് മൂന്നക്ക സംഖ്യ കടന്ന് നാലക്കം പിന്നിട്ടപ്പോള്‍ ആരവം വീണ്ടും കത്തിക്കയറി. എന്നാല്‍ 11.10 ഓടെ 14,000നു മുകളിലായിരുന്ന രാജഗോപാലിന്റെ ഭൂരിപക്ഷം 11.30 ഓടെ മലക്കംമറിഞ്ഞ് തരൂരിനൊപ്പം നിന്നു- 870 വോട്ടുകള്‍. അതോടെ മുഖത്ത് വിരിഞ്ഞ താമര പതുക്കെ വാടിയെങ്കിലും പ്രവര്‍ത്തകര്‍ തെല്ലും പ്രതീക്ഷ കൈവിട്ടില്ല. മിനിറ്റുകള്‍ പിന്നിടുന്നതോടെ തരൂരിന്റെ ലീഡ്‌നില കുറയുകയും കൈയടികള്‍ കൂടിവരികയും ചെയ്തു. അവസാനഘട്ടത്തില്‍ വീണ്ടും തരൂര്‍ ലീഡ് വര്‍ധിപ്പിച്ച് മുന്നിലെത്തുകയായിരുന്നു.

 

Latest