തകരാര്‍ പരിഹരിച്ചു; മൂലമറ്റത്ത് ഉത്പാദനം ഉയര്‍ത്തി

Posted on: May 16, 2014 12:55 am | Last updated: May 15, 2014 at 11:55 pm

തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പതിനാല് ദശലക്ഷം യൂനിറ്റിലേക്കുയര്‍ത്തി. രണ്ട് ജനറേറ്ററുകളുടെ തകരാര്‍ പരിഹരിച്ചതോടെ 130 മെഗാ വാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളും ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയാണ്.
30.841 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ മൊത്തം ജലവൈദ്യുതി ഉത്പാദനം. ഇതില്‍ 14.39 ദശലക്ഷം യൂനിറ്റും ഇടുക്കിയുടെ സംഭാവനയാണ്.
64.109 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതില്‍ 33.268 ദശലക്ഷം യൂനിറ്റ് കണ്ടെത്തിയത് പുറമെ നിന്നാണ്. ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചത് ശബരിഗിരിയിലാണ്. 5.504 ദശലക്ഷം. ഇടമലയാറില്‍ 1.249 ദശലക്ഷവും കുറ്റിയാടിയില്‍ 2.65 ദശലക്ഷവും ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ഒമ്പത് മില്ലിമീറ്റര്‍ മഴ ഇന്നലെ രേഖപ്പെടുത്തി. 2.514 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. 2328.9 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 29 ശതമാനമാണ്. രണ്ടാഴ്ചക്കുള്ളില്‍ കാലവര്‍ഷമെത്തുമെന്നാണ് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.