ഉപാധിരഹിത പട്ടയ വിതരണത്തിനുളള നടപടി പൂര്‍ത്തിയായി: കെഎം മാണി

Posted on: May 16, 2014 12:17 am | Last updated: May 15, 2014 at 11:18 pm

ഇടുക്കി: നാലേക്കര്‍ വരെ ഉപാധിരഹിതവും കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ പട്ടയം ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി പൂര്‍ത്തിയായതായി മന്ത്രി കെ എം മാണി പറഞ്ഞു. അന്തരിച്ച മുന്‍ എം എല്‍ എയും കേരള കോണ്‍ഗ്രസ് നേതാവുമായ വി ടി സെബാസ്റ്റിയന്റെ പേരിലുള്ള പഞ്ചായത്ത് സ്‌റ്റേഡിയ സമര്‍പ്പണ ചടങ്ങ് കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടയ വിതരണം ചെയ്യുന്നതിനുള്ള എല്ലാ നിയമ നടപടികളും മന്ത്രിസഭാ തലത്തില്‍ ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് പട്ടയങ്ങള്‍ നല്‍കാതിരുന്നത്. വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ നാലേക്കര്‍വരെ ഉപാധിരഹിതവും കൈമാറ്റം ചെയ്യാപ്പെടാകുന്നതും ആയിരിക്കും. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളായ പെരിഞ്ചാംകുട്ടി, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളിലും ഉപാധിരഹിത പട്ടയം വിതരണം ചെയ്യും. കട്ടപ്പന പഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി പ്രഖ്യാപിക്കാനുള്ള പഠന റിപ്പോര്‍ട്ട് ലഭിച്ചു. ഇതു സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. കൃഷിക്കാര്‍ അധിവസിക്കുന്ന ഭൂമിയില്‍ നിയമപരമായ അവകാശം സ്ഥാപിച്ച് നല്‍കുന്ന വിധത്തിലുള്ള രേഖകളാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.