വെള്ളത്തിന്റെയും മദ്യത്തിന്റെയും പേരില്‍ മുസ്‌ലിം ലീഗ് ഒറ്റപ്പെടുന്നു

Posted on: May 15, 2014 12:30 pm | Last updated: May 15, 2014 at 12:30 pm

ബേക്കല്‍: കാസര്‍കോട്ടെ ഉപ്പുവെള്ളത്തിന്റെയും കാഞ്ഞങ്ങാട്ടെ ബാര്‍ ലൈസന്‍സിന്റെയും പേരില്‍ മുസ്‌ലിംലീഗ് സമുദായത്തില്‍നിന്ന് ഒറ്റപ്പെടുകയാണെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് മൗവ്വല്‍ ശാഖാ കണ്‍വെന്‍ഷനില്‍ ആരോപിച്ചു.
കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്ന് പ്രകടനപത്രിക ഇറക്കിയ എന്‍ എനെല്ലിക്കുന്ന് എം എല്‍ എ കുടിവെള്ളത്തിന്റെ കാര്യത്തില്‍ പരാജയം ഏറ്റെടുത്ത് രാജിവെച്ച് ഒഴിയുന്നതാണ് നല്ലതെന്നും ആത്മീയ നേതാക്കളുടെ തണലില്‍ വളര്‍ന്ന മുസ് ലിംലീഗ് കാഞ്ഞങ്ങാട്ടെ ബാര്‍ ലൈസന്‍സ് നല്‍കാന്‍ കൂട്ടുനിന്നതോടെ ലീഗിന്റെ സമുദായ വഞ്ചനയുടെ തനിനിറം പുറത്തായെന്നും യോഗം കുറ്റപ്പെടുത്തി.
ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മൗവ്വല്‍ മാമുവിനെ തിരിച്ചെടുക്കാന്‍ വേണ്ടി പഞ്ചായത്ത്കമ്മിറ്റിക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു. മാണിക്കോത്ത് അബൂബക്കറിന്റെ അധ്യക്ഷതയില്‍ ആമു ഹാജി ഉദ്ഘാടനം ചെയ്തു. അനീസ് തായല്‍ മൗവ്വല്‍, സാജിദ് മൗവ്വല്‍, മുഹമ്മദ്കുഞ്ഞി, ബി എം മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശരീഫ് സ്വാഗതവും കരീം പള്ളത്തിമാര്‍ നന്ദിയും പറഞ്ഞു.