Connect with us

Ongoing News

ലോകകപ്പിനുള്ള ഫ്രഞ്ച് ടീമില്‍ നിന്ന് സമീര്‍ നസ്‌റി പുറത്ത്‌

Published

|

Last Updated

പാരീസ്: ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌റി പുറത്ത്. നസ്‌റിയെ 23അംഗ പട്ടികയിലേക്ക് പരിഗണിക്കാതിരുന്ന ദെഷാംപ്‌സിന്റെ നടപടി അമ്പരപ്പിക്കുന്നതായി. മൊണോക്കോ നായകന്‍ എറിക് അബിദാലിനെയും ടീമിലേക്ക് പരിഗണിച്ചില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്നെ ഗേല്‍ ക്ലിച്ചിയും ടീമില്‍ ഇടം കണ്ടില്ല. 26കാരനായ നസ്‌റി 41 മത്സരങ്ങളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച താരമാണ്. അബിദാല്‍ 67 തവണ ഫ്രാന്‍സിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് നസ്‌റി. അന്ന് 2-0ത്തിന് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയ പോരാട്ടത്തില്‍ ടീമിനായി രണ്ടാം ഗോള്‍ നേടിയത് നസ്‌റിയായിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുന്ന താരത്തെ ഒഴിവാക്കിയ നടപടി അപ്രതീക്ഷിതമായിരുന്നു.
മികച്ച താരമാണ് നസ്‌റിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്കായി പുറത്തെടുക്കുന്ന മികവ് അദ്ദേഹം ഫ്രാന്‍സിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ കാണിക്കുന്നില്ലെന്ന് ദെഷാംപ്‌സ് വിലയിരുത്തുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ച് നസ്‌റി പ്രധാന താരവും ആദ്യ ഇലവനില്‍ ഉള്‍പ്പെടാന്‍ പ്രാപ്തനുമാണ്. എന്നാല്‍ ആ മാനദണ്ഡം ഫ്രാന്‍സിന്റെ കാര്യത്തില്‍ ഇല്ലെന്നും ദെഷാംപ്‌സ് നയം വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പ് ടീമിലും നസ്‌റിക്ക് ഇടമില്ലായിരുന്നു. അന്ന് റെയ്മണ്ട് ഡൊമനക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍. ഇക്കഴിഞ്ഞ നവംബറില്‍ ഉക്രൈനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ പ്ലേയോഫിലാണ് ഫ്രാന്‍സിനായി നസ്‌റി അവസാനമായി കളത്തിലിറങ്ങിയത്. 2-0ത്തിന് അന്ന് ഫ്രാന്‍സ് വിജയിച്ചിരുന്നു.
അതേസമയം മുന്‍ ബാഴ്‌സലോണ താരവും ഇപ്പോള്‍ മൊണാക്കോ നായകനുമായ അബിദാലിന് പ്രായമാണ് തടസ്സമായി നിന്നത്. 34 കാരനായ താരത്തിന് പകരം ഒരു യുവ താരത്തിന് അവസരം നല്‍കുകയെന്ന നയത്തിന്റെ ഭാഗമായാണ് അബിദാലിന് സ്ഥാനം തെറിച്ചിരിക്കുന്നത്.
യുവത്വത്തിന് പ്രാധാന്യമുള്ള ടീമിനെയാണ് ദെഷാംപ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിലെ എട്ടോളം താരങ്ങള്‍ 25 വയസ്സിന് താഴെയുള്ളവരാണ്. കഴിഞ്ഞ മാസം ഹോളണ്ടുമായുള്ള രാജ്യന്തര മത്സരത്തില്‍ ഫ്രാന്‍സിനായി അരങ്ങേറിയ റിയല്‍ സോസിഡാഡ് വിംഗര്‍ അന്റോണിയോ ഗ്രിസ്മാന്‍, റയല്‍ മാഡ്രിഡ് താരം റാഫേല്‍ വാര്‍ണെ, ജുവന്റസിന്റെ പോള്‍ പോഗ്ബ എന്നിവര്‍ ടീമിലിടം കണ്ടു. മൂവര്‍ക്കും പ്രായം 21 വയസ്സാണ്. എസ് സി ബാസ്റ്റിയയുടെ ഗോള്‍ കീപ്പര്‍ മൈക്കല്‍ ലാന്‍ഡ്രുവാണ് ടീമിലെ സീനിയര്‍. 34കാരനായ താരം ലോകകപ്പോടെ ഫുട്‌ബോള്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്. പി എസ് ജിയുടെ 20കാരന്‍ ലുക്കാസ് ഡിഗ്നെയാണ് ക്ലിച്ചിക്ക് പകരം ടീമിലിടം പിടിച്ചത്. മറ്റൊരു പ്രധാന നീക്കം ന്യൂകാസില്‍ യുനൈറ്റഡ് താരം ലോയിക് റെമിയുടെ വരവാണ്. ലിയോണിനായി ഈ സീസണില്‍ 15 ഗോളോടെ മികവില്‍ നിന്ന അലക്‌സാന്ദ്രെ ലാക്‌സെറ്റെയെ ഒഴിവാക്കിയാണ് കോച്ച് റെമിയെ പരിഗണിച്ചിരിക്കുന്നത്. മാര്‍സില്ലെ ക്ലബില്‍ ദെഷാംപ്‌സിന് കീഴില്‍ കളിച്ച താരമാണ് റെമി.
2016ലെ യൂറോ കപ്പ് കൂടി മുന്നില്‍ കണ്ടാണ് ടീമിനെ ഒരുക്കുന്നതെന്ന് ദെഷാംപ്‌സ് അവകാശപ്പെടുന്നു. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ഇക്വഡോര്‍, ഹോണ്ടുറാസ് ടീമുകള്‍ക്കൊപ്പമാണ് ഫ്രാന്‍സ് ഉള്‍പ്പെട്ടിരിക്കുന്നത്. ജൂണ്‍ 15ന് ഹോണ്ടുറാസുമായാണ് ഫ്രാന്‍സിന്റെ ആദ്യ പോരാട്ടം.
ഫ്രഞ്ച് ടീം
ഗോള്‍കീപ്പര്‍മാര്‍: മൈക്കല്‍ ലാന്‍ഡ്രു (എസ് സി ബാസ്റ്റിയ), ഹ്യൂഗോ ലോറിസ് (ടോട്ടനം), സ്റ്റീവ് മന്‍ഡാന്‍ഡ (മാര്‍സില്ലെ).
പ്രതിരോധം: മാത്യു ഡെബൂച്ചി (ന്യൂകാസില്‍), ലൂക്കാസ് ഡിഗ്നെ (പി എസ് ജി), പാട്രിക് എവ്‌ര (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ലോറന്റ് കോസില്‍നി (ആഴ്‌സണല്‍), എലിക്വിം മംഗല (എഫ് സി പോര്‍ട്ടോ), ബക്കറെ സഗ്ന (ആഴ്‌സണല്‍), മമഡോ സഖു (ലിവര്‍പൂള്‍), റാഫേല്‍ വാര്‍ണെ (റയല്‍ മാഡ്രിഡ്).
മധ്യനിര: യോഹാന്‍ കബായെ (പി എസ് ജി), ക്ലെമന്റ് ഗ്രെനിയര്‍ (ലിയോണ്‍), ബ്ലെയ്‌സ് മറ്റിയുഡി (പി എസ് ജി), റിയോ മവുബ (ലില്ലെ), പോള്‍ പോഗ്ബ (ജുവന്റസ്), മൗസ്സ സിസ്സോകോ (ന്യൂകാസില്‍), മാത്യ വാല്‍ബ്യുണ (മാര്‍സില്ലെ).
മുന്നേറ്റം: കരിം ബെന്‍സിമ (റയല്‍ മാഡ്രിഡ്), ഒലിവര്‍ ജിറോഡ് (ആഴ്‌സണല്‍), അന്റോണിയോ ഗ്രിസ്‌മെന്‍ (റയല്‍ സോസിഡാഡ്), ലോയിക് റെമി (ന്യൂകാസില്‍), ഫ്രാങ്ക് റിബറി (ബയേണ്‍ മ്യൂണിക്ക്).