തയ്യല്‍ കടയുടെ മറവില്‍ അനധികൃത പണമിടപാട്: ഉടമ അറസ്റ്റില്‍

Posted on: May 15, 2014 12:43 am | Last updated: May 15, 2014 at 12:43 am

ഒറ്റപ്പാലം: തയ്യല്‍ കടയുടെ മറവില്‍ അനധികൃത പണമിടപാട് നടത്തിയ ആളെ പൊലീസ് പിടികൂടി.
ഈസ്റ്റ് ഒറ്റപ്പാലം മുളക്കല്‍ മുഹമ്മദ് കുട്ടി (64) ആണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടന്ന റെയ്ഡില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള അരിസ്റ്റോ ടൈലേഴ്‌സില്‍ നിന്ന് 3, 47,340 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3, 21, 000 രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തു.
വിദേശ കറന്‍സിയില്‍ ഡോളര്‍, കുവൈറ്റ് ദിനാര്‍, ദിര്‍ഹം, ഒമാന്‍, ബഹ്‌റിന്‍, സൗദി റിയാല്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ആറര പവന്‍ സ്വര്‍ണവും ആധാരങ്ങളും പൊലീസ് പിടിച്ചെടുത്തു. മുഹമ്മദ് കുട്ടി വര്‍ഷങ്ങളായി ഒറ്റപ്പാലത്ത് പണമിടപാട് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
2000 ലെ വിദേശ കറന്‍സി വിനിമയ നിയമ പ്രകാരം ലൈസന്‍സുള്ളയാള്‍ക്ക് മാത്രമെ കറന്‍സികള്‍ കൈകാര്യം ചെയ്യാനുള്ള അവകാശമുള്ളു. ഇയാളെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് റീജ്യനല്‍ ഓഫീസിന് കീഴിലുള്ള ഫോറിന്‍ എക്‌സേഞ്ച് വിഭാഗത്തിന് കൈമാറുമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.