ആദിവാസികള്‍ക്കുള്ള ഫഌറ്റ് അടുത്ത മാസം കൈമാറും

Posted on: May 15, 2014 12:40 am | Last updated: May 15, 2014 at 12:40 am

കല്‍പ്പറ്റ: സംസ്ഥാനത്ത് ആദ്യമായി ആദിവാസികള്‍ക്കായി കല്‍പ്പറ്റ നഗരസഭ നിര്‍മിച്ച ഫഌറ്റ് അടുത്ത മാസം കൈമാറും. മിനുക്കുപണികളും മറ്റുമാണ് ബാക്കിയുള്ളത്.
ദേശീയപാതയ്ക്കരികില്‍ ഓണിവയലിലെ ഇരുനില ഫഌറ്റ് രണ്ടുകോടി രൂപ ചെലവിലാണ് നിര്‍മിച്ചത്.
കെട്ടിടം ഉടന്‍ കൈമാറാനാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതാണ് പ്രവൃത്തി വൈകാനിടയാക്കിയതെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി ഹമീദ് പറഞ്ഞു. നഗരസഭയിലെ 24ാം വാര്‍ഡില്‍ കലക്ടറുടെയും ജില്ലാ പോലിസ് മേധാവിയുടെയും ഔദ്യോഗിക വസതികള്‍ക്കടുത്താണ് ഓണിവയല്‍ പണിയ കോളനി.
ഇവിടെ 15 സെന്റ് ഭൂമിയില്‍ നിര്‍മിച്ച ഫഌറ്റില്‍ 17 കുടുംബങ്ങള്‍ക്ക് താമസിക്കാം. ബി.ആര്‍.ജി.എഫില്‍ 65 ലക്ഷവും കോര്‍പസ് ഫണ്ടില്‍ 50 ലക്ഷവും ടി.എസ്.പിയില്‍ 25 ലക്ഷവും നഗരസഭയുടെ സ്വന്തം ഫണ്ടില്‍ നിന്ന് 50 ലക്ഷവുമാണ് മുതല്‍മുടക്ക്. രണ്ടു ബെഡ്‌റൂം, അടുക്കള, സിറ്റൗട്ട്, ആധുനിക രീതിയിലുള്ള ബാത്ത് റൂം അടങ്ങുന്നതാണ് ഫഌറ്റിലെ ഒമ്പതു വീടുകള്‍. ഒരു ബെഡ് റൂമുള്ളതാണ് എട്ടു വീടുകള്‍. പൊതുവായി റിക്രിയേഷന്‍ ഹാളുമുണ്ട്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കാണ് രണ്ടു കിടിപ്പുമുറികളുള്ള ഫഌറ്റ് അനുവദിക്കുക.
കഴിഞ്ഞ മെയ് മാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഫഌറ്റിന് തറക്കല്ലിട്ടത്.
പരിമിതികള്‍ക്ക് നടുവിലായിരുന്നു ഓണിവയല്‍ കോളനിയിലെ ആദിവാസികളുടെ ജീവിതം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമടക്കം അവരെ അലട്ടിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്തുന്നതിനാണ് നഗരസഭ ഫഌറ്റ് നിര്‍മാണം ആസൂത്രണം ചെയ്തത്.
ഓണിവയലില്‍ നിലവിലുള്ള ആദിവാസി വീടുകള്‍ പൊളിച്ചുമാറ്റിയാണ് ഫഌറ്റ് നിര്‍മാണം ആരംഭിച്ചത്. വീടുകള്‍ പൊളിച്ചതോടെ പാര്‍പ്പിടരഹിതരായ കുടുംബങ്ങളെ മുണ്ടേരിയില്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് തല്‍ക്കാലം മാറ്റിയിരുന്നു.
ആദിവാസികളുമായി കൂടിയാലോചിച്ചാണ് ഫഌറ്റ് നിര്‍മാണം ആസൂത്രണം ചെയ്തത്. ഓണിവയലിലെ ആദിവാസികളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അട്ടപ്പാടിയിലെ മാതൃകാ പാര്‍പ്പിട പദ്ധതി പരിചയപ്പെടാനും നഗരസഭ സൗകര്യം ഒരുക്കിയിരുന്നു. ഫഌറ്റ് നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് ആദിവാസികളെ പ്രത്യേക വാഹനത്തില്‍ അട്ടപ്പാടിക്ക് കൊണ്ടുപോയിരുന്നു.
ഓണിവയലില്‍ നാലു നിലകളുള്ള കെട്ടിടം നിര്‍മിക്കാനായിരുന്നു ആദ്യം നഗരസഭ പദ്ധതിയിട്ടത്. ആദിവാസികളില്‍ ചിലര്‍ എതിര്‍ത്തപ്പോഴാണ് രണ്ടുനില കെട്ടിടം മതിയെന്നു ഭരണസമിതി തീരുമാനിച്ചത്.