മലേഷ്യന്‍ വിമാനം: തിരച്ചില്‍ ആദ്യ ദിവസങ്ങളില്‍ ശരിയായ ദിശയിലായിരുന്നില്ലെന്ന് പ്രധാനമന്ത്രി

Posted on: May 15, 2014 12:37 am | Last updated: May 15, 2014 at 12:37 am

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370ന് വേണ്ടിയുള്ള തിരച്ചില്‍ ആദ്യ ദിവസങ്ങളില്‍ ശരിയായ ദിശയിലായിരുന്നില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. സാങ്കേതിക തകരാറുകള്‍ മൂലം കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ താറുമാറായ പശ്ചാത്തലത്തില്‍, വിമാനങ്ങളുടെ സഞ്ചാരഗതി അപ്പപ്പോള്‍ അറിയാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടു. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ രാജ്യം നല്ല നിലയില്‍ നടത്തിയെന്ന് താന്‍ വിശ്വസിക്കുന്നു. നയതന്ത്രപരവും സൈനികവുമായ പരിമിതികള്‍ അതിജയിച്ച് 26 രാജ്യങ്ങളെ ഒരു വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലില്‍ ഒരുമിച്ചുകൂട്ടാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. പക്ഷേ എല്ലാ കാര്യങ്ങളും ശരിയായ ദിശയിലായിരുന്നില്ല. വിമാനം കാണാതായ ആദ്യ ദിവസങ്ങളില്‍ തിരച്ചിലില്‍ പിഴവ് സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ തന്നെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധിച്ചത്. രണ്ട് രാജ്യങ്ങളുടെ എയര്‍ ട്രാഫിക് കണ്‍ട്രോളുകളുടെ മധ്യേയാണ് വിമാനം അപ്രത്യക്ഷമായതെന്ന വിവരം സംഗതിയുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം ആരും വിമാനത്തിന്റെ ഗതി തിരിച്ചുവിട്ടിട്ടില്ലെന്നും വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് യാത്ര പുറപ്പെട്ട മലേഷ്യന്‍ വിമാനം ബോയിംഗ് 777-220 ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹായത്തോടെ തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ദീര്‍ഘമായ സമയം തിരച്ചിലിനെടുക്കുമെന്ന് നേരത്തെ മലേഷ്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.