സെറ്റ് പരീക്ഷയില്‍ പിന്നാക്കക്കാര്‍ക്ക് അവസരം നഷ്ടമായി

Posted on: May 15, 2014 12:27 am | Last updated: May 15, 2014 at 12:27 am

കോട്ടക്കല്‍: സെറ്റ് പരീക്ഷക്ക് അപേക്ഷിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടമായി. എല്‍ ബി സി നല്‍കിയ പ്രോസ്‌പെക്ട്‌സിലെ അവ്യക്തതയാണ് കാരണം. ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യത നേടാനായുള്ള സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാര്‍ഥികളുടെ അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ചരിത്രത്തിലാദ്യമായാണ് യു ജി സി മാതൃകയില്‍ പിന്നാക്കക്കാര്‍ക്ക് ഇളവ് നല്‍കാനുള്ള സുപ്രധാന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് കാരണം ആയിരക്കണത്തിന് പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട അവസരങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം നഷ്ടമായത്.
പരീക്ഷാ നടത്തിപ്പുകാരായ എല്‍ ബി എസ് കഴിഞ്ഞ ഡിസംബറില്‍ ഇറക്കിയ പ്രോസ്‌പെക്ടസിലാണ് അവ്യക്തതയുള്ളത്. നെറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷയോടൊപ്പം വില്ലേജില്‍ നിന്നുള്ള നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് അറിയിപ്പിലുള്ളത്. ഏറിയ പേരും ഇതിന്റെ ഫോട്ടോ കോപ്പിയാണ് കൂടെ സമര്‍പ്പിച്ചത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പ്രോസ്‌പെക്ടസിലില്ല. ഒ ബി സി കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് 12 മാര്‍ക്കിന്റെ ഇളവുണ്ട്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലാണ് ഇത് ലഭിക്കുക.
ഇത്തരത്തില്‍ ഒരറിയിപ്പ് ഇല്ലാത്തതിനാല്‍ പലരും ഫോട്ടോ കോപ്പി നല്‍കി. പാകപ്പിഴവ് മനസ്സിലാക്കി അധികൃതര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയം മെയ് 15വരെയാക്കി. ഇത് പ്രകാരം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരോട് അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതിയായ 2013 ഡിസംബര്‍ 9ന് മുമ്പുള്ള ആറ് മാസത്തിനുള്ളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്ന നിലപാടാണ് എല്‍ ബി എസ് അധികൃതര്‍ കൈക്കൊണ്ടത്. പഴയ തീയതി വെച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ലെന്ന് അറിഞ്ഞുതന്നെ ഇത്തരത്തിലൊരു ഉത്തരവ് നല്‍കിയതിലൂടെ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരെ തഴയുകയായിരുന്നു ലക്ഷ്യമെന്നാണ് ആരോപണം. പ്രായം, വിദ്യാഭ്യാസം, യോഗ്യത എന്നിവ തെളിയിക്കുന്നതിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഫലം പ്രഖ്യാപിച്ചതിനു ശേഷം സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് മുമ്പായി ഹാജരാക്കിയാല്‍ മതി എന്നിരിക്കെയാണ് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് ഇത്തരത്തിലൊരു നിബന്ധന വെച്ചത് എന്നതും വിമര്‍ശത്തിന് വഴി വെച്ചിട്ടുണ്ട്.
ഇന്നാണ് അവസാന തീയതി എന്നിരിക്കെ കാര്യങ്ങള്‍ അറിഞ്ഞു വന്നപ്പോഴേക്കും രേഖകള്‍ എത്തിക്കാന്‍ പലര്‍ക്കുമായിട്ടില്ല. സ്വീകരിക്കപ്പെട്ടവരുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നെങ്കിലും കൂടുതലാരും വെബ്‌സൈറ്റ് പരിശോധിച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയില്‍ പെടുന്നത്. തങ്ങളുടെ പേരില്ലെന്നറിഞ്ഞ പലരും കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിവരവും അറിയുന്നത്. വീണ്ടും രേഖകള്‍ ഹാജരാക്കാനുള്ള തീയതി ഇന്ന് തീരുമെന്നിരിക്കെ ആയിരക്കണക്കിന് പിന്നാക്കക്കാരാണ് പിന്തള്ളപ്പെട്ടത്. സംഭവം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിക്കും പലരും പരാതികള്‍ നല്‍കിയിട്ടുണ്ട്.