Connect with us

Ongoing News

ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണം

Published

|

Last Updated

ഷവര്‍മയിലെ വിഷബാധ കാരണം തിരുവനന്തപുരത്ത് ഒരാള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷനര്‍ ഹോട്ടലുകളില്‍ ശുചിത്വം കര്‍ശനമാക്കുകയും ഇതിനായി 30 ഇന മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നാണ് കേരളത്തില്‍ ബഹുഭൂരിഭാഗം ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന അധികൃതരുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 1,85,390 ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1461 എണ്ണം മാത്രമാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതെന്നാണ് വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇവയില്‍ ലൈസന്‍സുള്ളത് 11,605 എണ്ണത്തിനു മാത്രവും. ലൈസന്‍സ് എടുക്കാതെയും നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോട്ടലുകളുടെ എണ്ണം പോലും കൃത്യമായി അധികൃതര്‍ക്കറിയില്ല.
കേരളീയരില്‍ നല്ലൊരു ശതമാനവും ആഹാരത്തിന് പൊതുഭക്ഷണശാലകളെ ആശ്രയിക്കുന്നവരാണെന്നതിനാല്‍ അവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത അധികൃതര്‍ക്കുണ്ട്. ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനും ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിനും സഹായകമായ വിധത്തില്‍ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഇടവിട്ട് പരിശോധന നടത്തണമെന്ന് മൂന്ന് മാസം മുമ്പ് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യവിഷ ബാധയോ എന്തെങ്കിലും അനിഷ്ട സംഭവങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രമായി ചുരുങ്ങുകയാണ് ഹോട്ടലുകളിലെ പരിശോധന. ഷവര്‍മയിലെ വിഷബാധാ മരണത്തെ തുടര്‍ന്ന് ഏതാനും ദിവസം ഹോട്ടല്‍റെയ്ഡ് വ്യാപകമായിരുന്നുവെങ്കിലും താമസിയാതെ അത് കെട്ടടങ്ങി. പരിശോധന പൊതുവെ ചെറുകിട, ഇടത്തരം ഹോട്ടലുകളില്‍ ഒതുങ്ങുകയും വന്‍കിട ഹോട്ടലുകളെ ഒഴിവാക്കുകയും ചെയ്തുവെന്ന പരാതിയുമുണ്ട്. മാത്രമല്ല, മധ്യ കേരളത്തിലെ ഒരു നഗരത്തില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിന് ശിക്ഷിക്കപ്പെടുക പോലുമുണ്ടായി. വന്‍കിട ഹോട്ടല്‍ നടത്തുന്ന സമ്പന്നര്‍ ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ചു നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്.
പല ഹോട്ടലുകളും പുറംകാഴ്ചയില്‍ പ്രൗഢമാണെങ്കിലും അടുക്കളയുടെ കാര്യം മഹാകഷ്ടമായിരിക്കും. അവയുടെ പിന്നാമ്പുറങ്ങള്‍ കണ്ടാല്‍ അറയ്ക്കും. വൃത്തിഹീനവും വിഷമയവുമായ ചുറ്റുപാടിലാണ് മിക്ക ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും. ഉദ്യോഗസ്ഥര്‍ നേരത്തെ നടത്തിയ പരിശോധനകളില്‍ നക്ഷത്രഹോട്ടലുകളിലെ ഫ്രീസറുകളിലും അല്ലാതെയും സൂക്ഷിച്ചിരുന്ന ഒരാഴ്ച വരെ പഴക്കമുള്ള ഭക്ഷ്യവിഭവങ്ങളും നിരോധിക്കപ്പെട്ട രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഈ നടപടികളുടെ പ്രതിഫലനം ഏതാനും ദിവസത്തേക്ക് മാത്രമാണ് പ്രകടമാകുന്നത്. പരിശോധന നിലക്കുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലെക്കു തന്നെ മടങ്ങും.
ആരോഗ്യപ്രദമായ ജീവിതത്തിനും രോഗപ്രതിരോധത്തിനും അനുപേക്ഷണീയമാണ് ഭക്ഷണത്തിലെ ശുചിത്വം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നതും രുചിവര്‍ധനവിനും ആകര്‍ഷണീയമായ നിറത്തിനും ചേര്‍ക്കുന്ന മാരക രാസപദാര്‍ഥങ്ങളടങ്ങിയതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ രോഗങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അടിക്കടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരളീയരില്‍ വ്യാപകമായ ജീവിത ശൈലീരോഗങ്ങളുടെ കാരണങ്ങളില്‍ ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയാറാക്കുന്ന ഭക്ഷണങ്ങള്‍ക്കും ഫാസ്‌റ് ഫുഡിനും വലിയ പങ്കുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അഞ്ഞൂറ് ശതമാനമാണ് കേരളീയന്റെ ചികിത്സാ ചെലവിലുണ്ടായ വര്‍ധനയെന്നാണ് സര്‍വേകള്‍ കാണിക്കുന്നത്. ഹോട്ടലുകളിലും ഭക്ഷ്യശാലകളിലും ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ഇതോടൊപ്പം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാംസത്തിനായി കൊണ്ടുവരുന്ന മൃഗങ്ങളും കോഴികളും കര്‍ശന പരിശോധനക്ക് വിധേയമാക്കേണ്ടതുമുണ്ട്. ചത്തതും രോഗമുള്ളതുമായ കോഴികളും ആടും മാടും ചെക്ക്്‌പോസ്റ്റുകള്‍ കടന്നെത്തുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതാണ്. ചെക്ക്‌പോസ്റ്റുകള്‍ അഴിമതിമുക്തമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാറിനുണ്ടെങ്കിലേ കേരളീയന്റെ തീന്‍മേശകളിലെത്തുന്ന മാംസാഹാരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനാകൂ.

Latest