വിധി അറിയാന്‍ ഒരു ദിനം: നേതാക്കള്‍ എന്ത് ചെയ്യുന്നു?

Posted on: May 15, 2014 12:02 am | Last updated: May 14, 2014 at 11:52 pm

cartoonന്യൂഡല്‍ഹി: ~ഒന്‍പത് ഘട്ടം നീണ്ട ശ്രമകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കലാശത്തിന് ശേഷം പ്രധാന നേതാക്കള്‍ എന്തു ചെയ്യുന്നു? എക്‌സിറ്റ് പോളുകളില്‍ പ്രധാനമന്ത്രിയായി കഴിഞ്ഞ നരേന്ദ്ര മോദി ചൊവ്വാഴ്ച തന്നെ ഗുജറാത്തിലെ തന്റെ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്നലെയും ചൊവ്വാഴ്ചയും തിരഞ്ഞെടുപ്പ് അവലോകനം പോലുള്ള കാര്യങ്ങളില്‍ തന്നെയാണ് മുഴുകിയത്. എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ചൊവ്വാഴ്ച വീട്ടില്‍ സ്വസ്ഥമായിരുന്നു. ഇന്നലെ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്താന്‍ സമയം കണ്ടെത്തി. വേറെ ചിലര്‍ പര്‍വത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിശ്രമത്തിന് പുറപ്പെട്ടു. ചിലര്‍ വിദേശത്തേക്ക് പറന്നു.
‘ഗുജറാത്തിലെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി മോദി പങ്കെടുത്തത്. ഉദ്യോഗസ്ഥരുമായി മറ്റ് നിരവധി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു’- ഗാന്ധിനഗറില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു.
സെപ്തംബര്‍ 15 മുതല്‍ 1,65,000 കിലോമീറ്റര്‍ സഞ്ചരിച്ച് 250 റാലികളില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പാര്‍ട്ടി പ്രസിഡന്റും മാതാവുമായ സോണിയയുമൊത്ത് സൗത്ത് ഡല്‍ഹി മാളില്‍ ഉച്ചഭക്ഷണം കഴിച്ചു. പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയായ 7, റേസ് കോഴ്‌സില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സംബന്ധിച്ചു. പിന്നെ 10 ജന്‍പഥില്‍ എക്‌സിറ്റ് പോള്‍ വിശകലനം. ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ചണ്ഢീഗഢിലെ തന്റെ പുതിയ വീട്ടിലായിരുന്നു. എസ് പി മേധാവി മുലായം സിംഗ് യാദവും രണ്ട് ദിവസമായി വീട്ടിലാണ്. പക്ഷേ അദ്ദേഹം പൂര്‍ണമായി ‘സ്വിച്ച് ഓഫ്’ അല്ല.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഈ മാസം പത്തിന് തന്നെ സിംലയിലേക്ക് പോയിരുന്നു. അദ്ദേഹം ഇന്നലെയാണ് തിരിച്ചെത്തിയത്. ഏപ്രില്‍ 24ന് ഊട്ടി കയറിയ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ഇന്നലെ തിരിച്ച് ഓഫീസിലെത്തി.
ശിവസേനാ മേധാവി ഉദ്ധവ് താക്കറേ യൂറോപ്പില്‍ അവധി ആഘോഷിക്കുകയാണ്. അദ്ദേഹം ഇന്ന് തിരിച്ചെത്തും. ബി ജെ പി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, ബി എസ് പി മേധാവി മായാവതി, എന്‍ സി പി നേതാവ് ശരത് പവാര്‍ തുടങ്ങിയവര്‍ വിശ്രമിക്കാന്‍ ഒരുക്കമല്ല.