Connect with us

Kozhikode

ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സംവരണം അട്ടിമറിക്കരുത്: എസ്എം എ

Published

|

Last Updated

കോഴിക്കോട്: ന്യൂനപക്ഷാവകാശവും ഭരണഘടനയുടെ മതേതര സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ പോന്നതാണ് സുപ്രീം കോടതിവിധിയെങ്കിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കേണ്ടതില്ലെന്ന പരാമര്‍ശം ആശങ്കയുളവാക്കുന്നതാണെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) അഭിപ്രായപ്പെട്ടു.
ദളിത് പിന്നാക്കക്കാരുടെ അവകാശങ്ങളും അവസരങ്ങളും നിരസിക്കപ്പെടാന്‍ ഈ വിധിയില്‍ അവസരമുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഇന്ത്യയുടെ നിലനില്‍പ്പിനും പുരോഗതിക്കും അനുപേക്ഷണീയമാണ്. ഇത് തകര്‍ക്കുന്ന ഏത് നിയമവും രാജ്യത്ത് നടപ്പാക്കുന്നത് മതന്യൂനപക്ഷങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തില്‍ 25 ശതമാനം സംവരണം നടപ്പിലാക്കുന്നതിന് ശരിവെച്ച സുപ്രീം കോടതി ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കേണ്ടതില്ലെന്നാണ് പറയുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് പ്രശംസനീയമാണ്. കടുത്ത സമ്മര്‍ദ്ദത്തിന്റെയും സമരത്തിന്റെയും വഴിയില്‍ നേടിയെടുത്ത സംവരണം ഒരിക്കലും അട്ടിമറിക്കപ്പെട്ടുകൂടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കെ നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തി സാമൂഹ്യനീതിയും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ശക്തിയും നല്‍കണം.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എസ് എം എ സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പടിക്കല്‍ സംബന്ധിച്ചു.