ബാധ്യത തീര്‍ന്നു; ഭവനനിര്‍മാണ ബോര്‍ഡ് ലാഭത്തില്‍

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:09 am

തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് വായ്പായിനത്തില്‍ ഹഡ്‌കോക്ക് കുടിശ്ശികയായി നല്‍കാനുള്ള മുഴുവന്‍ തുകയും കൊടുത്ത് തീര്‍ത്തതായി ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള. ഹഡ്‌കോക്ക് നല്‍കേണ്ടിയിരുന്ന 730.67 കോടി കുടിശ്ശിക പലിശ സഹിതം 830 കോടിയാണ് അടച്ചത്. ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വാടകക്കുടിശ്ശിക പിരിച്ചെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി കഴിഞ്ഞ മാര്‍ച്ചില്‍ ബോര്‍ഡിന്റെ അറ്റാദായം പത്ത് കോടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടിയിരുന്ന 21 കോടിയില്‍ 10.23 കോടി രൂപയാണ് പിരിച്ചെടുത്തത്. പാവപ്പെട്ടവര്‍ക്ക് തിരിച്ചടവില്ലാതെയുള്ള ഗൃഹശ്രീ, കാരുണ്യ എന്നീ ഭവനപദ്ധതികള്‍ മൂന്ന് മാസത്തിനകം ആരംഭിക്കും. ഒരു ലക്ഷം രൂപ വീതം സന്നദ്ധസംഘടനയും ഗുണഭോക്താവും നല്‍കുമ്പോള്‍ നാല് മുതല്‍ ആറ് ലക്ഷം രൂപ വരെ ചെലവുവരുന്ന വീടുനിര്‍മാണത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ സബ്‌സിഡി നല്‍കുന്നതാണ് ഗൃഹശ്രീ പദ്ധതി.

സര്‍ക്കാറും ബോര്‍ഡും ഗുണഭോക്താവും സംയുക്തപങ്കാളിത്തം വഹിക്കുന്ന കാരുണ്യ പദ്ധതിയില്‍ ഒരു പഞ്ചായത്തില്‍ നൂറ് വീടുകള്‍ വീതം ഒരു ലക്ഷം വീടുകളാണ് നിര്‍മിക്കുക. നാല് ലക്ഷം രൂപ ചെലവുവരുന്ന വീടിന് രണ്ട് ലക്ഷം സര്‍ക്കാര്‍ സബ്‌സിഡിയും രണ്ട് ലക്ഷം ഗുണഭോക്തൃവിഹിതവുമായിരിക്കും. ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്തായിരിക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുക. ദുര്‍ബല വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായുള്ള പത്ത് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ഭവനവായ്പകള്‍ പുനരാരംഭിക്കും. സൗഭാഗ്യ ഭവനപദ്ധതി പ്രകാരം ദുര്‍ബല വിഭാഗക്കാര്‍ക്കായി നാല് ശതമാനം പലിശനിരക്കില്‍ രണ്ട് ലക്ഷം വരെയും താഴ്ന്ന വരുമാനക്കാര്‍ക്കായി 6.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം വരെയും ഹഡ്‌കോയില്‍ നിന്ന് വായ്പ സമാഹരിച്ച് ബോര്‍ഡ് വിതരണം ചെയ്യും. ദുര്‍ബല വിഭാഗക്കാരുടെ ഏഴ് ശതമാനം പലിശ സബ്‌സിഡിയും താഴ്ന്ന വരുമാനക്കാരുടെ അഞ്ച് ശതമാനം പലിശ സബ്‌സിഡിയും സര്‍ക്കാറായിരിക്കും വഹിക്കുക.
ബോര്‍ഡിന്റെ സ്വന്തം ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചാണ് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായ്പ നല്‍കുന്നത്. ഭവനനിര്‍മാണ ബോര്‍ഡ് സെക്രട്ടറി എന്‍ അശോക് കുമാര്‍, ചീഫ് എന്‍ജിനീയര്‍ രാജീവ് കരിയില്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം വത്സമ്മ പങ്കെടുത്തു.