Connect with us

Kozhikode

മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ വിജയം പ്രവചിച്ച് സര്‍വേകള്‍

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാഷ്ട്രീയ കേരളം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത് ചാനല്‍ പ്രവചനങ്ങള്‍. എന്നാല്‍ പ്രവചനങ്ങളുടെ മുന്നനുഭവങ്ങള്‍ തീരെ ചര്‍ച്ചയായില്ല. ചാനലുകളില്‍ ഫലപ്രഖ്യാപന ദിവസത്തെ അനുകരിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് നടന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന പ്രതീതിയായിരുന്നു പലയിടത്തും. ചിലര്‍ അത്യാഹ്ലാദത്തോടെയും മറ്റു ചിലര്‍ ആശങ്കയോടെയുമാണ് സംസാരിച്ചത്. എന്നാല്‍ ഇത്തരം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാതെ പോയത് എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടില്ല. കേരളത്തില്‍ ഇരു മുന്നണികളുടെയും ബി ജെ പിയുടെയും സാധ്യതകള്‍ പുറത്തുവിട്ട ചില ഫലങ്ങള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ വിജയം പ്രവചിച്ച സര്‍വേകളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നു.

2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ചാനലുകള്‍ പുറത്തുവിട്ട സര്‍വേ ഫലങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എട്ട ്‌നിലയില്‍ പൊട്ടുകയായിരുന്നു. 2004 ലെ തിരഞ്ഞെടുപ്പിലാണ് ഇത് ഏറെ പ്രകടമായത്. 2004 ല്‍ ഔട്ട്‌ലുക്ക് 284 സീറ്റ് എന്‍ ഡി എ നേടുമെന്നാണ് പ്രവചിച്ചത്. സഹാറ ഡി ആര്‍ എസ് 270 ഉം എന്‍ ഡി ടി വി- ഇന്ത്യന്‍ എക്‌സ്പ്രസ് 240 സീറ്റും എന്‍ ഡി എക്ക് നല്‍കിയിരുന്നു. എന്നാല്‍ എന്‍ ഡി എ നേടിയത് 189 സീറ്റ് മാത്രം. ഔട്ട്‌ലുക്ക് യു പി എക്ക് 164 സീറ്റാണ് 2004 ല്‍ കണ്ടെത്തിയത്. സഹാറ 176 ഉം സ്റ്റാര്‍ സി 180 ഉം എന്‍ ഡി ടി വി – ഇന്ത്യന്‍ എക്‌സ്പ്രസ് 190 സീറ്റുമാണ് നല്‍കിയത്. എന്നാല്‍ ഫലം പുറത്തുവന്നതോടെ 222 സീറ്റാണ് കോണ്‍ഗ്രസ് മുന്നണി നേടിയത്. മറ്റുള്ള പാര്‍ട്ടികള്‍ക്ക് നൂറില്‍ താഴെയാണ് ചാനലുകള്‍ നല്‍കിയതെങ്കില്‍ 132 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്.
2009 ലെ തിരഞ്ഞെടുപ്പില്‍ ന്യുസ് എക്‌സ് 199 സീറ്റ് എന്‍ ഡി എ നേടുമെന്നാണ് പുറത്തു വിട്ടത്. സ്റ്റാര്‍ ന്യൂസ് 197 ഉം ടൈംസ് നൗ 183 ഉം ഹെഡ്‌ലൈന്‍സ് ടുഡെ 180 ഉം സി എന്‍ എന്‍ ഐ ബി എന്‍ 175 സീറ്റുമാണ് പ്രവചിച്ചത്. എന്നാല്‍ ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും സീറ്റ് 159 ല്‍ ഒതുങ്ങി. ന്യുസ് എക്‌സ് 191 സീറ്റാണ് കോണ്‍ഗ്രസ് മുന്നണിക്ക് കണ്ടെത്തിയത്. സ്റ്റാര്‍ ന്യൂസ് 199 ഉം ടൈംസ് നൗ 198 ഉം ഹെഡ്‌ലൈന്‍സ് ടുഡെ 191 ഉം സി എന്‍ എന്‍ ഐ ബി എന്‍ 195 ഉംസീറ്റാണ് കോണ്‍ഗ്രസിന് പ്രവചിച്ചത്. എന്നാല്‍ യു പി എക്ക് ലഭിച്ചത് 262 സീറ്റ്.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് 13 സീറ്റ് നേടുമെന്നാണ് ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ പ്രവചിച്ചത്. എന്നാല്‍ ഒരു സീറ്റ് മാത്രമാണ് യു ഡി എഫിന് നേടാനായത്. അടുത്തിടെ നടന്ന ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലും ചാനല്‍ പ്രവചനങ്ങള്‍ പൊട്ടിപൊളിഞ്ഞു. ഏകദേശം ശരിയായ സര്‍വേ ഫലം പുറത്തുവിട്ടത് ന്യൂസ് 24 ആണ്. കേരളത്തില്‍ ദേശീയ ചാനലുകളുള്‍പ്പെടെ യു ഡി എഫ് മേല്‍കൈ നേടുമെന്ന് പ്രവചിക്കുമ്പോള്‍ ന്യൂസ് 24 എല്‍ ഡി എഫ് 14 മുതല്‍ 16 സീറ്റ് വരെ നേടുമെന്നാണ് പ്രവചിക്കുന്നത്. ഇത് കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും ചെയ്തു.
ഇത്തവണ കേരളത്തില്‍ യു ഡി എഫ് 18 സീറ്റ് നേടുമെന്ന് കണ്ടെത്തിയ ടൈംസ് നൗ കോണ്‍ഗ്രസിന് 16 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത് 15 സീറ്റിലാണ്. എ ബി പി പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലം കേരള രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്നതാണ്. യു ഡി എഫ് 9, എല്‍ ഡി എഫ് 8, ബി ജെ പി 1, മറ്റുള്ളവര്‍ 2. കെട്ടിവെച്ച കാശുപോലും കിട്ടുമോ എന്ന് ഫലമറിയാന്‍ കാത്തിരിക്കുന്ന മറ്റുള്ളവര്‍ക്കാണ് ഇവര്‍ രണ്ട് എം പി സ്ഥാനം കനിഞ്ഞു നല്‍കയിത്. കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അല്‍പ്പമെങ്കിലും പൊരുത്തപ്പെടുന്നതാണ് ഏഷ്യാനെറ്റ് സീഫോര്‍, റിപ്പോര്‍ട്ടര്‍ ഫലങ്ങള്‍. എന്തായാലും 16 വരെ ഇവര്‍ പുറത്തുവിട്ട ഫലങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കും. അതിനുശേഷം ഇവരുടെ പൊരുത്തക്കേടുകളും.

Latest