വെള്ളാനകളെ നിയന്ത്രിക്കണം

Posted on: May 13, 2014 6:00 am | Last updated: May 12, 2014 at 9:58 pm

SIRAJ.......രാജ്യത്തെ പൊതുമേഖലാ ബേങ്കുകളിലെ കിട്ടാക്കടം (നോണ്‍ പെര്‍ഫോമിംഗ് അസ്സെറ്റ്‌സ്-എന്‍ പി എ) 2,36,000 കോടി രൂപ!. 24 പൊതുമേഖലാ ബേങ്കുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്. 2008 മാര്‍ച്ച് വരെയുള്ള കിട്ടാക്കടം 39,000 കോടി രൂപയായിരുന്നു. അതിന് ശേഷമുള്ള അഞ്ച് വര്‍ഷങ്ങളില്‍ കിട്ടാക്കടം ആറ് മടങ്ങ് വര്‍ധിച്ചു എന്നാണ് കണക്ക്. ബേങ്ക് ജീവനക്കാരുടെ സംഘടനയായ ആള്‍ ഇന്ത്യാ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ) വെളിപ്പെടുത്തിയതാണ് ഈ കണക്കുകള്‍. ഓരോ പൊതുമേഖലാ ബേങ്കിലേയും ആദ്യത്തെ നാല് അക്കൗണ്ടുകളില്‍ മാത്രം കിട്ടാക്കടം 23,000 കോടി രൂപയാണ്. ബേങ്കുകള്‍ ‘വി ഐ പി’മാരായി വിശേഷിപ്പിക്കാറുള്ള ഇത്തരം അക്കൗണ്ടുടമകളില്‍, മദ്യം, വളം തുടങ്ങി ലാഭം കൊയ്യുന്ന വിവിധ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയ വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വരുത്തിവെച്ച കിട്ടാക്കടം 2673 കോടി രൂപയാണ്. കിംഗ്ഫിഷര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കെ, ബേങ്കുകള്‍ നല്‍കിയ വായ്പയിലേക്ക് തിരിച്ചടവ് ഇനി ഉണ്ടാകില്ല. ഒരു കോടിയോ അതിലേറെയോ കിട്ടാക്കടമാക്കിയ അക്കൗണ്ട് ഉടമകളുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്. ആര്‍ ബി ഐയോടും ‘സെബി’യോടും ബേങ്ക് ജീവനക്കാരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഏത് നിമിഷവും മുങ്ങാവുന്ന കപ്പലാണെന്ന് നല്ല തിരിച്ചറിവുണ്ടായിട്ടും ഇവര്‍ ബേങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ സംഘടിപ്പിച്ചത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി ബേങ്കര്‍മാരും രാഷ്ട്രീയക്കാരും അടക്കമുള്ള ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരില്‍ കുത്തക കമ്പനികളും കോര്‍പറേറ്റുകളുമാണ് മുന്‍പന്തിയില്‍. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെ നിശബ്ദരാക്കാന്‍ തങ്ങള്‍ക്കാകുമെന്ന ധിക്കാരപരമായ നിലപാടാണ് ഇവരുടെത്. ഈ ഗണത്തില്‍ പെടുന്ന വെള്ളാനകള്‍ക്ക് ഈട് പോലുമില്ലാതെ ശതകോടികളുടെ വായ്പ ലഭ്യമാക്കുന്ന ‘വിദ്യ’ ബേങ്കര്‍മാരും വന്‍കിട കോര്‍പറേറ്ററുകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് സൃഷ്ടിച്ചതാണ്.
ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്ത് കൃഷിയോ കച്ചവടമോ നടത്തുന്ന ചെറുകിടക്കാര്‍ക്ക്, അവരുടെതല്ലാത്ത കാരണങ്ങളാല്‍ വായ്പ നിശ്ചിതസമയത്ത് അടച്ചുതീര്‍ക്കാനാകാതെ വന്നാല്‍ ജപ്തിയുടെ വാള്‍ വീശുന്ന ബേങ്ക് അധികൃതര്‍ വിജയ് മല്യയെപോലുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നു. കടക്കാരനെന്ന പേരില്‍, ചെണ്ട #േകൊട്ടിയുള്ള പഴയ വിളംബരം ഇപ്പോഴില്ലെങ്കിലും സമാനമായ പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെയും ബേങ്കിലെ ഉന്നതരുടെയും പിന്‍ബലമുള്ള വന്‍കിടക്കാരെ സംബന്ധിച്ച് അവരെ പൂവിട്ട് വാഴിക്കുന്ന സ്ഥിതി തുടരുകയാണ്. ഈ അവിശുദ്ധ ബന്ധത്തിന്റെ ഫലമായി, ഈട് പോലും നല്‍കാതെ അനുവദിച്ച കോടാനുകോടികളുടെ വായ്പ വെളിച്ചത്ത് വരാതിരിക്കാന്‍, ബേങ്കധികൃതര്‍ ‘പുനക്രമീകരണം’ എന്ന പേരില്‍ പലിശയില്‍ ഇളവനുവദിച്ച് പുതിയ വായ്പയായി രേഖപ്പെടുത്തുന്നു. ഇത്തരം ക്രമീകരണം നടത്തുമ്പോള്‍ ബേങ്കിന് നഷ്ടമാകുന്നത് ശതകോടികളാണ്. ഒരു ഉദാഹരണം ഇതാ. എ ബി എച്ച് ഷിപ്പ്‌യാര്‍ഡ് എന്ന സ്ഥാപനത്തിന്റെ 9000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചപ്പോള്‍ ബേങ്കിന് വന്ന നഷ്ടം 900 കോടി രൂപ. ഇത്തരം സംവിധാനങ്ങളിലൂടെ 3.25 ലക്ഷം കോടി രൂപയുടെ അക്കൗണ്ടുകളാണ് വെളിപ്പിച്ചത്. കള്ളപ്പണം സൂക്ഷിക്കാന്‍ വിദേശ ബേങ്കുകളെ ആശ്രയിക്കുന്നതിലും ഭേദം നാട്ടില്‍ തന്നെയുള്ള ഇത്തരം സംവിധാനങ്ങളാണെന്ന് ‘കോടികള്‍’ കൈയിലിട്ട് അമ്മാനമാടുന്ന വെള്ളാനകള്‍ മനസ്സിലാക്കിക്കഴിഞ്ഞു. വേണ്ടപ്പെട്ടവരെ സ്വാധീനിച്ച് വ്യാജ വായ്പ സംഘടിപ്പിക്കുക, അത് തിരിച്ചുകിട്ടാത്ത കടമാക്കുക, തുടര്‍ന്ന് പലിശ കുറച്ച് പുതിയ വായ്പയായി പുനക്രമീകരണം നടത്തുക. കള്ളപ്പണക്കാര്‍ക്ക് ഇനിയെന്തു വേണം!. ഈ ഭാഗ്യമെല്ലാം വന്‍കിട വ്യവസായികള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമാണ്. കൃഷിക്കാര്‍ ഗതി കിട്ടാതെ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു.
ഉന്നത രാഷ്ട്രീയക്കാരും ബേങ്കര്‍മാരും ചേര്‍ന്ന് നടത്തുന്ന പകല്‍ക്കൊള്ള ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ. പൊതുപണം വായ്പയായി കൈക്കലാക്കിയ ശേഷം, മനഃപൂര്‍വം തിരിച്ചടക്കാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കി കിട്ടാക്കടങ്ങള്‍ ഈടാക്കാന്‍ കേന്ദ്രവും ആര്‍ ബി ഐയും ധനമന്ത്രാലയവും കര്‍ക്കശ സമീപനം കൈക്കൊള്ളണം. വിദേശ ബേങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുന്ന കാര്യം വലിയവായില്‍ പറയുന്നവര്‍ സ്വന്തം മൂക്കിന് താഴെ നാട്ടിലെ ബേങ്കുകളില്‍ നടക്കുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ തയ്യാറാകണം. കിംഗ്ഫിഷറിന്റെയും ശാരദാ ചിട്ട് ഫണ്ടിന്റെയും ഉടമകളോട് ഒരു നിലപാട്, സാധാരണക്കാരായ കൃഷിക്കാരോടും വ്യാപാരി സമൂഹത്തോടും മറ്റൊരു നിലപാട് എന്ന അവസ്ഥ മാറണം. പൊതുപണം വെട്ടിക്കുന്ന ‘പഠിച്ച കള്ളന്മാരെ’ പൂവിട്ട് പൂജിക്കുകയും കര്‍ഷകലക്ഷങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന ബേങ്കിംഗ് നയം കാലോചിതമായി പരിഷ്‌കരിച്ചേ മതിയാകൂ.