മാതാവേ, നീയും

Posted on: May 12, 2014 9:17 pm | Last updated: May 12, 2014 at 9:17 pm

MOTHERസ്ത്രീ സമൂഹത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സ്‌നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകകളാണ് സ്ത്രീകളെന്ന അനുഭവബോധത്തെ അപ്രസക്തമാക്കിക്കൊണ്ട് മനുഷ്യത്വത്തിന്റേതും മാതൃത്വത്തിന്റെതുമായ സകലമൂല്യങ്ങളുടെയും ശവമടക്ക് നടത്തുന്ന ശ്മശാനമായി മാറുകയാണ് ആധുനിക സ്ത്രീത്വത്തിന്റെ മനസ്സ്? സമീപകാലങ്ങള്‍ ഇത്തരം സന്ദേഹങ്ങളെ സാധൂകരിക്കുന്നുണ്ട്.

കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും വികാരങ്ങള്‍ ആ മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയിരിക്കുന്നു. സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്ന ഈ മാനുഷിക മൂല്യവികാരങ്ങള്‍ കൂട്ടമരണം സംഭവിച്ചതിന്റെ പ്രേതാത്മാക്കള്‍ അലറിവിളിക്കുന്ന ചുടുകാടായി മാറിയ സ്ത്രീമനസ്സ് സമൂഹ മനഃസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയും സുരക്ഷിതത്വവും ചോദ്യം ചെയ്യുന്ന വിധം ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന വൈകാരിക വിസ്‌ഫോടനമാണോ സ്ത്രീത്വം എന്ന ചോദ്യമുയര്‍ത്തുന്ന സാഹചര്യമാണ് അവര്‍ക്കിടയിലെ ക്രിമിനല്‍ മനോഭാവവും ഭോഗാസക്തിയും സൃഷ്ടിച്ചിരിക്കുന്നത്.

ആറ്റിങ്ങലില്‍ കാമുകനൊപ്പം ജീവിക്കാന്‍, നാല് വയസ്സുള്ള സ്വന്തം പെണ്‍കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയെയും കാമുകന്റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ സ്ത്രീ പൈശാചിക ഭാവത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ്. ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കകമാണ് പാലക്കാട്ട് ഒരു യുവതി നവജാത ശിശുവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി തെരുവില്‍ വലിച്ചെറിഞ്ഞത്. സമ്പത്തിനും ആഡംബര ജീവിതത്തിനും ലൈംഗികസുഖത്തിനും വേണ്ടി അവിഹിതബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനോ കൊല്ലാനോ വരെ മടിക്കാത്ത സ്ത്രീകള്‍ വര്‍ധിച്ചുവരുന്നുവെന്ന യാഥാര്‍ഥ്യത്തെ ആശങ്കയോടെ തന്നെയാണ് വിലയിരുത്തേണ്ടത്.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോകുന്ന ഭര്‍ത്താക്കന്മാരേക്കാള്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യമാരെക്കുറിച്ചുള്ള പത്ര വാര്‍ത്തകളാണ് കൂടുതലും. തന്റെ കൂടെ ഒളിച്ചോടി വന്നവളുടെ കുട്ടിയെ കാമുകന്‍ അധികപ്പറ്റായി കാണുന്നു. കാമുകന്‍ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വില്‍ക്കുന്നു. പെറ്റമ്മ ഇതിനൊക്കെ കൂട്ട് നില്‍ക്കുന്നു. അമ്മ ഉപേക്ഷിച്ചു പോകുന്ന കുഞ്ഞിനെ വളര്‍ത്തുന്ന അച്ഛന്‍ മറ്റൊരു വിവാഹം ചെയ്താല്‍ ആ കുഞ്ഞിന്റെ ജീവിതവും ദുഃസഹമാകും.

കുമളിയില്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ഷഫീഖ് കേരളത്തിന്റെ മൊത്തം വേദനയാണ്. നാട്ടുകാരുടെയും നിയമപാലകരുടെയും ഇടപെടലുകള്‍ കൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മാനസികമായി ഈ കുട്ടി ഇനിയും ശരിയായ നിലയില്‍ എത്തിയിട്ടില്ലെന്നാണ് വാര്‍ത്ത. സഹോദരന് മറ്റൊരു വിവാഹം ചെയ്യാനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നതിന് ഒരു സ്ത്രീ സഹോദരന്റെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവവും കേരളത്തെ നടുക്കിയതാണ്. സ്വത്ത് പ്രശ്‌നത്തിന്റെ പേരില്‍ ഭര്‍തൃപിതാവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്ന സ്ത്രീമനസ്സിന്റെ ക്രൂരതയെക്കുറിച്ച് അടുത്ത കാലത്താണ് മാധ്യമങ്ങള്‍ വിശകലനം ചെയ്തത്. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താക്കന്മാരെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്തുന്ന ഭാര്യമാരും വാര്‍ത്തകളിലെ കഥാപാത്രങ്ങളായി മാറുന്നു.

ഇതിന് പുറമെയാണ് പെണ്‍മക്കളെ സെക്‌സ് റാക്കറ്റുകള്‍ക്ക് കൈമാറി പണമുണ്ടാക്കുന്ന അമ്മമാര്‍ രംഗത്തുള്ളത്. കാസര്‍കോട്ട്, അടിച്ചും ഭീഷണിപ്പെടുത്തിയും രണ്ട് പെണ്‍മക്കളെ കാമുകനും പെണ്‍വാണിഭക്കാര്‍ക്കും കാഴ്ച വെച്ച ഒരമ്മയെ ഒരു വര്‍ഷം മുമ്പാണ് പോലീസ് അറസ്റ്റ് ചെയ്തത്. തായന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് എറിഞ്ഞുകൊടുത്ത അമ്മയെ ഇതിന് പ്രേരിപ്പിച്ചത് ധനത്തോടുള്ള ആസക്തിയായിരുന്നു.

കൊടിയ പീഡനങ്ങള്‍ അനുഭവിച്ച് സെക്‌സ് റാക്കറ്റിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ട എത്രയോ പെണ്‍കുട്ടികള്‍ സമൂഹത്തിന്റെയും നിയമത്തിന്റെയും ശ്രദ്ധയില്‍പ്പെടാതെ കാണാമറയത്തുണ്ട്. സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നടക്കുന്ന പല അച്ഛനമ്മമാരും പെണ്‍മക്കളെ വിറ്റ കാശ് ആരുമറിയാതെ ഇപ്പോഴും എണ്ണി വാങ്ങുന്നു.

ഭൗതിക സുഖഭോഗാസക്തിയുടെ പ്രലോഭന ചിന്തകള്‍ സ്ത്രീയെയും പുരുഷനെയും ഒരുപോലെ മുന്നോട്ട് നയിക്കുന്നു. പൊതു രംഗത്തും തൊഴില്‍മേഖലകളിലുമെല്ലാം പുരുഷനൊപ്പം സ്ത്രീകളും പ്രാതിനിധ്യം ഉറപ്പിക്കുന്ന കാലഘട്ടം കൂടിയാണിത്. ഇതിന് ഗുണപരമായ ചില വശങ്ങളുണ്ടെന്ന് വാദിക്കാമെങ്കിലും സ്ത്രീ,പുരുഷ ജീവിതങ്ങളില്‍ ഇത് വരുത്തിവെക്കുന്നത് വിനാശകരമായ ദുരന്തങ്ങളാണ്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫെയ്‌സ് ബുക്ക്, വാട്‌സ് അപ്പ് തുടങ്ങിയ വിനിമയോപാധികള്‍ സമൂഹത്തിന് എത്രയേറെ പ്രയോജനം ചെയ്യുന്നുവോ അത്ര തന്നെ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും പവിത്രമായ കുടുംബബന്ധങ്ങളുടെ വാതിലുകള്‍ അടയുകയാണ്. ദാമ്പത്യ ജീവിതത്തിന്റെ ധാര്‍മികതയാണ് ഇവിടെ തടവിലാക്കപ്പെടുന്നത്. പരസ്ത്രീ ബന്ധത്തിന്റെയും പരപുരുഷ ബന്ധത്തിന്റെയും മൊബൈല്‍ മെസേജുകളെച്ചൊല്ലിയും ഫെയ്‌സ്ബുക് സല്ലാപത്തെച്ചൊല്ലിയുമുള്ള കലഹത്തിന്റെയും കാലുഷ്യം ദാമ്പത്യജീവിതങ്ങളില്‍ അസ്വസ്ഥത വളര്‍ത്തുന്നു. ഒളിച്ചോട്ടവും വിവാഹമോചനവും ആത്മഹത്യയും കൊലപാതകവും അനന്തരഫലങ്ങളായി മാറുന്നു. സംശയവും പരസ്പരവിശ്വാസമില്ലായ്മയും ഭാര്യ,ഭര്‍ത്തൃ ബന്ധങ്ങളെ നരകതുല്യമാക്കുന്നു.

സ്ത്രീമനസ്സുകളുടെ മൃദുലഭാവങ്ങളെ നിര്‍വീര്യമാക്കി അധമവാസനകള്‍ കുത്തിനിറക്കുന്നതില്‍ ടെലിവിഷന്‍ സീരിയലുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. ഇന്നത്തെ ഭൂരിഭാഗം ടി വി സീരിയലുകളും സ്ത്രീകളെ വഴി തെറ്റിക്കാന്‍ പര്യാപ്തമായ രംഗങ്ങള്‍ കൊണ്ട് മലീമസമായിട്ടുണ്ട്. ക്രൂരതയും ചപലതയും മുഖമുദ്രയാക്കിയ വനിതാ കത്തിവേഷങ്ങളുടെ അഴിഞ്ഞാട്ടത്താല്‍ സമ്പന്നമാണ് ഒട്ടുമിക്ക സീരിയലുകളും. സ്ത്രീകള്‍ ഉള്‍പ്പെട്ട അവിഹിത ബന്ധങ്ങളും ക്വട്ടേഷന്‍ കൊലപാതകങ്ങളും സീരിയലുകളിലെ അവിഭാജ്യഘടകങ്ങളാക്കിയാല്‍ റേറ്റിംഗ് കൂട്ടാമെന്നാണ് ചാനലുകാരുടെ കണക്കുകൂട്ടല്‍. രക്തം മരവിപ്പിക്കുന്ന ബാലപീഡനരംഗങ്ങളും സീരിയല്‍ മാമാങ്കങ്ങള്‍ക്ക് കൊഴുപ്പേകുന്നു. കുട്ടികളെ നിരന്തരമായി വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളുടെ അട്ടഹാസങ്ങളും ആക്രമണോത്സുകതയും അരോചകവും അസഹനീയവുമാണ്. കണ്ണുകള്‍ പുറത്തേക്ക് തള്ളിയും മുഖത്തെ മാംസപേശികള്‍ വലിഞ്ഞു മുറുകിയും എത്ര വേണമെങ്കിലും അധഃപതിക്കാന്‍ മടി കാണിക്കാതെ യക്ഷിയെപ്പോലെ അലറുന്ന സ്ത്രീകഥാപാത്രത്തെ അനുകരിക്കാനുള്ള ആഗ്രഹം സീരിയല്‍ കാണുന്ന പക്വതയെത്താത്ത പെണ്‍കുട്ടികള്‍ക്ക് ഉണ്ടായെന്ന് വരും. മരുമകള്‍ അമ്മായിയമ്മയെ ദ്രോഹിക്കുന്നതും അമ്മായിയമ്മ മരുമകളെ തല്ലുന്നതുമായ രംഗങ്ങളും വിവാഹിതയായ സ്ത്രീയുടെ ദാമ്പത്യേതര അവിഹിത ബന്ധങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും പെണ്‍പ്രേക്ഷകയുടെ മനസ്സില്‍ തെറ്റായ സന്ദേശമുയര്‍ത്തും.

സ്വന്തം സുഖസൗകര്യങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് എല്ലാ സ്ത്രീകളുമെന്ന വികലധാരണ വളര്‍ത്തുന്ന സീരിയലുകളും സിനിമകളും ആധുനിക സ്ത്രീത്വത്തിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥക്ക് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുമുണ്ട്. ആരെയും അനുസരിക്കാത്തവളും തന്നിഷ്ടംപോലെ ജീവിക്കുന്നവളും ദാമ്പത്യജീവിതം നയിക്കുമ്പോഴും കാമുകന്മാര്‍ക്കൊപ്പം അവിഹിതചേഷ്ട നടത്തുന്നവളും അതിന് തടസ്സമാകുന്ന ഭര്‍ത്താവോ സ്വന്തം കുഞ്ഞോ ആയാല്‍ പോലും കൊല്ലാന്‍ മടി കാണിക്കാത്തവളും ആകണം സ്ത്രീയെന്ന് സീരിയലിന്റെ സ്ഥിരം പ്രേക്ഷക ധരിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല. പുരുഷന്മാര്‍ക്ക് എന്തുമാകാമെങ്കില്‍ സ്ത്രീകള്‍ക്കും അത് ആകാമെന്ന ഫെമിനിസ്റ്റ് വാദത്തിന്റെ ആരാധകര്‍ സ്ത്രീ സമൂഹത്തില്‍ വര്‍ധിച്ചു വരുന്നുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീയും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യണമെന്നും അവിഹിതബന്ധങ്ങളില്‍ അഭിരമിക്കണമെന്നും പുരുഷന്റെ സകല കൊള്ളരുതായ്മകളിലും സ്ത്രീയും പങ്കാളികളാകണമെന്നുമൊക്കെയാണ് ഫെമിനിസ്റ്റ് ചിന്തയില്‍ നിന്നും ഉരുത്തിരിയുന്ന ഉപദേശം.

മദ്യപിച്ച പുരുഷനേക്കാള്‍ മദ്യപിച്ച സ്ത്രീയാണ് അപകടകാരിയെന്ന് വരുന്നതും അവളുടെ മാനസികാവസ്ഥയുടെ പ്രത്യേകത കൊണ്ടു തന്നെയാണ്. കുടുംബത്തിന്റെ വിളക്ക് സ്ത്രീ തന്നെയാണ്. സ്ത്രീകള്‍ മദ്യപാനികളും അപഥസഞ്ചാരിണികളും ആയാല്‍ കുടുംബങ്ങളില്‍ ഇരുട്ട് പകരും.
പുരുഷന്റെ മദ്യപാനം കാരണം നാശോന്മുഖമാകുമായിരുന്ന കുടുംബത്തെ രക്ഷപ്പെടുത്താന്‍ ഉത്തമയായ സ്ത്രീയുടെ ഇച്ഛാശക്തിക്ക് സാധിക്കും. കുടുംബനാഥന്‍ രക്ഷകനും സ്ത്രീ വിളക്കുമായാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും താനേ കൈവരും. മദ്യപാനികളും ആഭാസന്മാരുമായ ഒരു വിഭാഗം പുരുഷന്മാര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന പീഡനങ്ങളും അതിക്രമങ്ങളും വിവരണാതീതമാണ്. എന്നാല്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും അസാന്‍ മാര്‍ഗിക പ്രവര്‍ത്തനങ്ങളും പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്നും തങ്ങള്‍ക്കും അതാകാമെന്നുമുള്ള ധാരണയില്‍ സ്ത്രീകളും ഈ ദുഷ് പ്രവണതകളെ അനുകരിക്കുകയും സ്ത്രീകള്‍ ഇനി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന വിപല്‍സന്ദേശത്തിലൂടെ സ്ത്രീസ്വാതന്ത്ര്യവാദികള്‍ അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ ഉത്തമ കുടുംബ സംസ്‌കാരം പൂര്‍ണമായും നാശോന്മുഖമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയും മനുഷ്യത്വവും നഷ്ടമാകുകയും ചെയ്യും. സ്ത്രീയും പുരുഷനും ഒരുപോലെ തിന്മയുടെ വക്താക്കളായി മാറിയാല്‍ ജീവിതം ശിഥിലമാകുമെന്നതാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.