എം ജി സര്‍വകലാശാല വി സിയെ പുറത്താക്കി

Posted on: May 12, 2014 12:30 pm | Last updated: May 14, 2014 at 1:17 pm

mg vc georgeതിരുവനന്തപുരം: മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കി. വി സിയാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോ. എം വി ജോര്‍ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കിയത്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിക്ക് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ പുറത്താക്കപ്പെടുന്നത്. രാവിലെ തന്റെ ഭാഗം വിശദീകരിക്കാന്‍ ജോര്‍ജ് സമയം ചോദിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ അനുവദിച്ചിരുന്നില്ല.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജിയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ജോര്‍ജ് 2013 ജനുവരിയിലാണ് എം ജി സര്‍വകലാശായില്‍ വി സിയായി ചുമതലയേറ്റത്. വി സിയാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പ് മേധാവി ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരിങ്ങാലക്കുട കോളജില്‍ നിന്നുള്ള റിലീവിംഗ് ഓര്‍ഡറാണ് ഇതോടൊന്നിച്ച് സമര്‍പ്പിച്ചിരുന്നത്.

ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് കാണിച്ച് വി സി സ്ഥാനം തട്ടിയെടുത്ത ജോര്‍ജിനെതിരെ കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ സജീവാണ് പരാതി നല്‍കിയത്. മുന്‍ ഗവര്‍ണര്‍ക്ക് നിഖില്‍കുമാറിന് നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം രാജിവെച്ചു. ഇതിനിടെ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. തുടര്‍ന്നാണ് പുതിയ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പരാതി പരിഗണിച്ച് നടപടി സ്വീകരിച്ചത്.