കേരളത്തിന്റെ മണ്ണ് കൃഷിയോഗ്യമല്ലാതാകുന്നു

Posted on: May 10, 2014 11:51 pm | Last updated: May 14, 2014 at 1:17 pm

soilകണ്ണൂര്‍: വര്‍ധിച്ച തോതിലുള്ള രാസവളപ്രയോഗം സംസ്ഥാനത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന രാസവളപ്രയോഗം വിവിധ ജില്ലകളിലെ മണ്ണിന്റെ ഗുണം തീര്‍ത്തും ഇല്ലാതാക്കിയെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെടികളുടെ വളര്‍ച്ചക്ക് വേണ്ട സൂക്ഷ്മമൂലകങ്ങളുടെ അളവ് മണ്ണില്‍ നിന്ന് അപകടകരമാംവിധം കുറഞ്ഞു. സംസ്ഥാനത്ത് നേരത്തെ നല്ല വിളവ് തന്നിരുന്ന കൃഷിയിടങ്ങളിലടക്കം ഉത്പാദനക്കുറവിന് പ്രധാന കാരണം മണ്ണിന്റെ ഗുണമേന്മ കുറഞ്ഞതാണെന്നാണ് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അമോണിയം സള്‍ഫേറ്റ് ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ അമിതോപയോഗം മൂലം കൃഷിയിടങ്ങളില്‍ 91 ശതമാനം സ്ഥലത്തും അമ്ലത കൂടിയിട്ടുണ്ടെന്ന് കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമ്ലത കൂടിയാല്‍ ചെടികളുടെ വളര്‍ച്ച മുരടിക്കുകയും വിളവ് ഗണ്യമായി കുറയുകയും ചെയ്യും. മറ്റ് പല മൂലകങ്ങളുടെയും അളവില്‍ വലിയ വ്യത്യാസമുള്ളതായും 700 ഗ്രാമപഞ്ചായത്തുകളില്‍ കൃഷിവകുപ്പ് നടത്തിയ മണ്ണ് പരിശോധനയില്‍ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ ഫോസ്ഫറസിന്റെ അളവ് വളരെ കൂടുതലായുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഫോസ്ഫറസിന്റെ അളവ് കൂടുന്നത് ചെടികളുടെ വളര്‍ച്ചക്ക് വേണ്ട സൂക്ഷ്മമൂലകങ്ങളുടെ വരവിനെ ഇല്ലാതാക്കും. 62 ശതമാനം സ്ഥലങ്ങളിലും ഫോസ്ഫറസിന്റെ അളവ് കൂടിയതായാണ് കണ്ടെത്തിയിട്ടുള്ളത്. പൊട്ടാസ്യത്തിന്റെ അളവ് 31 ശതമാനം സ്ഥലത്തും വേണ്ടതിലുമധികമായാണ് കാണപ്പെടുന്നത്. 37 ശതമാനം സ്ഥലത്ത് ആവശ്യത്തിന് പൊട്ടാസ്യമുള്ളപ്പോള്‍ 33 ശതമാനം സ്ഥലങ്ങളില്‍ തീരെയില്ലാത്ത സ്ഥിതിയുമുണ്ട്. മണ്ണിലെ നൈട്രജന്റെ അളവിലും ഈ വ്യത്യാസമുണ്ട്. 35 ശതമാനം സ്ഥലങ്ങളില്‍ വളരെ കൂടുതലുള്ളപ്പോള്‍ 24 ശതമാനം സ്ഥലങ്ങളില്‍ നൈട്രജന്‍ തീരെയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചെടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് നൈട്രജന്‍. നൈട്രജന്‍ കൂടിയാല്‍ വളര്‍ച്ച കൂടി ചെടി മുരടിക്കുകയും നൈട്രജന്‍ തീരെയില്ലെങ്കില്‍ ചെടി വളരാതിരിക്കുകയുമാണ് ചെയ്യുക. സെക്കന്‍ഡറി ന്യൂട്രീഷ്യന്‍സ് വിഭാഗത്തില്‍പ്പെട്ട കാത്സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍ എന്നിവയുടെ അളവും മണ്ണില്‍ വളരെയധികം കുറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍ 59 ശതമാനം സ്ഥലങ്ങളിലും സിങ്ക് 12 ശതമാനം സ്ഥലങ്ങളിലും കുറവാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

മണ്ണിലെ സൂക്ഷ്മമൂലകങ്ങളടക്കമുള്ള പോഷകങ്ങള്‍ മണ്ണ് പരിശോധനയിലൂടെ വിലയിരുത്തി കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ‘നിലമറിഞ്ഞ് വിത്തിടല്‍’ എന്ന പേരില്‍ വിവിധ ജില്ലകളില്‍ കൃഷിവകുപ്പ് പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. കൃഷിയിടത്തിന്റെ ജൈവ-രാസ സ്വഭാവത്തിന് മാറ്റമുണ്ടാക്കാതെ ഉത്പാദന വര്‍ധന ലക്ഷ്യമിടുന്ന സുസ്ഥിര കൃഷിയുടെ ഭാഗമായാണ് പദ്ധതികള്‍ തയ്യാറാക്കിയത്. എന്നാല്‍ ഇത് പാതിവഴിയിലൊതുങ്ങുകയായിരുന്നു.
എല്ലാ പഞ്ചായത്തിലും മണ്ണ് പരിശോധനാ ക്യാമ്പുകള്‍ നടത്താനും കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ച് മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കാനുമെല്ലാം നടപടി ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും യാഥാര്‍ഥ്യമായില്ല. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കി മണ്ണ് പരിശോധന വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തി കൃഷിയിടങ്ങളിലെ ഫലപൂയിഷ്ഠത ഉറപ്പാക്കുകയെന്നതായിരുന്നു മറ്റൊരു നടപടി. ഇതും കാര്യക്ഷമമായി ഒരിടത്തും നടപ്പായില്ല. തിരുവനന്തപുരത്ത് പാറോട്ട് കോണത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സോയില്‍ ടെസ്റ്റിംഗ് ലാബോറട്ടറിയുടെ കീഴില്‍ സംസ്ഥാനത്താകെ 12 ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറികളും ഏഴ് സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബോറട്ടറികളുമുണ്ട്. എന്നാല്‍ ഇവയുടെയൊന്നും പ്രയോജനം ഗ്രാമപ്രദേശങ്ങളിലെ സാധാരണ കര്‍ഷകര്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.