മഴക്കാലരോഗ പ്രതിരോധം: 19 ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

Posted on: May 10, 2014 1:02 pm | Last updated: May 10, 2014 at 1:02 pm

മലപ്പുറം: മഴക്കാല രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും തടയുന്നതിന്റെ ഭാഗമായി ഈമാസം 19 മുതല്‍ ജില്ലയിലുടനീളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, എന്നിവരുടെ യോഗം ഈമാസം 19 ന് രാവിലെ 10 ന് കലക്റ്ററേറ്റില്‍ വിളിച്ച് ചേര്‍ക്കുമെന്ന് നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
പൊതു സ്ഥലങ്ങള്‍, ആശുപത്രികള്‍, കച്ചവട സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ മാലിന്യ സ്രോതസുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യം തുടക്കമിടുക. ഇതിന് മുന്നോടിയായി ഈമാസം 12, 13 തീയതികളില്‍ ബന്ധപ്പെട്ട എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തിലും 14, 15 തീയതികളില്‍ പഞ്ചായത്തുകളിലും യോഗം ചേരും. 22 ന് പൊതു-സ്വകാര്യ സ്ഥലങ്ങളിലെ കിണറുകള്‍ ശുചീകരിക്കുന്നതിനായി സൂപര്‍ ക്ലോറിനേഷനും നടത്തും. ഇതോടനുബന്ധിച്ച് കുടിവെള്ള പദ്ധതികളുടെ സ്രോതസും വാട്ടര്‍ ടാങ്കുകളും ശുചീകരിക്കും. മഴവെള്ളവും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും ശുചീകരിക്കും.
കഴിഞ്ഞ വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ്, സെക്രട്ടറി സി കെ ജയദേവന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫറൂഖ്, ഡെപ്യൂട്ടി ഡി എച്ച് എസ് ജി സുനില്‍കുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.