പത്മപ്രഭാ ഗ്രന്ഥാലയം പുതിയ കെട്ടിടത്തിലേക്ക്

Posted on: May 10, 2014 8:36 am | Last updated: May 10, 2014 at 8:36 am

കല്‍പ്പറ്റ: ആറു വര്‍ഷത്തിനിടെ 75 പുസ്തക ചര്‍ച്ചകളും 50 പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം നടത്തി ശ്രദ്ധേയമായ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയം പുതിയ കെട്ടിടത്തിലേക്ക്. കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് അവസാനം നടക്കും.
കൈനാട്ടിയില്‍ ദേശീയ പാതയോരത്താണ് പുതിയ കെട്ടിടം പൂര്‍ത്തിയായി വരുന്നത്. ഇവിടുത്തെ ആദ്യ പരിപാടിയും പുസ്തക ചര്‍ച്ച തന്നെയാണ്. മെയ് 11 ന് ദയാ ബായിയുടെ പപച്ചവിരല്‍ എന്ന ആത്മകഥയാണ് പുതിയ കെട്ടിടത്തിലെ ആദ്യ ചര്‍ച്ച. മീനങ്ങാടി ജി.എച്ച്്.എസ്്.എസിലെ അധ്യാപകനും എഴുത്തുകാരനായ ബാവ.കെ.പാലുകുന്ന്് പുസ്തകം അവതരിപ്പിക്കും. 2009 നവംബര്‍ 24 ന് മഹാകവി അക്കിത്തമാണ് പത്മപ്രഭ ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരി കൊളുത്തിയത്.
എല്ലാ മാസത്തെയും പുസ്തക ചര്‍ച്ച പോലെ തന്നെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവും നടത്തുന്നു.
രണ്ട് ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചതു കൂടാതെ നിരവധി ജീവകാരുണ്യ-സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഏഴായിരത്തോളം പുസ്തകങ്ങളുള്ള വായനശാല സി ക്ലാസ്സായി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ചിരിക്കുന്നു. ഇതു പ്രകാരം 12000 രൂപ വാര്‍ഷിക ഗ്രാന്റായി ലഭിക്കുന്നു.208 ല്‍ അമ്പതു ശതമാനം പേരും ആയുഷ്‌ക്കാല അംഗങ്ങളാണ്. ശരാശരി 1500 പേര്‍ പുസ്തകം വായിക്കുന്നു.
ദിവസവും വൈകുന്നേരം 5.30 മുതല്‍ 7.30 വരെ ഗ്രന്ഥാലയത്തില്‍ പുസ്തക വിതരണം. പത്ത് മലയാള പത്രങ്ങളും രണ്ട് ഇംഗ്ലീഷ് പത്രങ്ങളും എട്ട് മാസികകളും നാല് ആഴ്ചപ്പതിപ്പുകളും ഇവിടെയുണ്ട്. ദിവസം 50 ല്‍ അധികം പേര്‍ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കാനെത്തുന്നു.
ബാലവേദി, യുവവേദി,വനിതാവേദി എന്നിവയും നന്നായി പ്രവര്‍ത്തിക്കുന്നു.
ആരോഗ്യ ബോധവല്‍കരണം, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്്്, സംഗീത ക്ലാസ്സ്്, കളരി അഭ്യാസം എന്നിങ്ങനെ ഒരു വര്‍ഷം ശരാശരി 30 പൊതു പരിപാടിയെങ്കിലും നടത്തുന്നു. പാതയോരത്ത് ഇതിനകം നൂറോളം വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.