മഴ: 10.88 ലക്ഷത്തിന്റെ നഷ്ടം; മലയോരത്ത് ജാഗ്രതാ നിര്‍ദേശം

Posted on: May 9, 2014 1:05 am | Last updated: May 9, 2014 at 1:05 am

കോഴിക്കോട് : കത്തുന്ന വേനലില്‍ അപ്രതീക്ഷിതമായെത്തിയ മഴ ആശ്വാസവും ദുരിതവുമായി. രണ്ട് ദിവസമായി തകര്‍ത്തു പെയ്യുന്ന മഴ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയിരുന്നവര്‍ക്ക് ആശ്വാസമായെങ്കിലും തീരദേശവാസികള്‍ക്കും മലയോര നിവാസികള്‍ക്കുമാണ് പ്രയാസം സൃഷ്ടിച്ചത്.

മഴക്കെടുതിയില്‍ ജില്ലയില്‍ 10.88 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 18 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായതാണ് ജില്ലയിലും മഴയെത്താന്‍ കാരണമായത്. മഴ കനത്തതോടെ പെരുവണ്ണാമൂഴി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. കനത്ത മഴ മൂലം മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ജില്ലയിലെ കൊടിയത്തൂര്‍, കക്കാട്, കുമാരനെല്ലൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, ചെമ്പനോട, ചക്കിട്ടപ്പാറ, പേരാമ്പ്ര, കൂരാച്ചുണ്ട്, തിനൂര്‍, മരുതോങ്കര, കാവിലും പാറ എന്നിവിടങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു.
മഴയോടൊപ്പം കാറ്റും ഇടിമിന്നലുമില്ലാതിരുന്നത് ദുരിതം കുറച്ചു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ മഴ വൈകുന്നേരത്തോടെയാണ് അല്‍പ്പമെങ്കിലും കുറഞ്ഞത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മഴയെത്തിയത് ഏറെ ആശ്വാസമായിട്ടുണ്ട്.
കടുത്ത വേനലില്‍ ജലാശയങ്ങള്‍ വറ്റി വരണ്ടതിനാല്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുകയായിരുന്നു പലയിടത്തും. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ 27 വില്ലേജുകളിലായി 1593 പ്രദേശങ്ങളിലാണ് ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളമെത്തിച്ചിരുന്നത്. ആഴ്ചയില്‍ രണ്ട് തവണ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വെള്ളമെത്തിച്ചിരുന്നത്. ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ക്ക് മഴ വലിയ അനുഗ്രഹമായിട്ടുണ്ട്. തീരദേശ വാസികള്‍ക്ക് കടല്‍ക്ഷോഭവും മലയോര നിവാസികള്‍ക്ക് മണ്ണിടിച്ചിലുമാണ് ഭീഷണിയുയര്‍ത്തുന്നത്. ഇവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ നിറഞ്ഞതും പൊട്ടിയ സ്ലാബുകളുമാണ് ഭീഷണിയായത്. പ്രധാന റോഡുകളിലെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നട യാത്രക്ക് പോലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.