രണ്ടുദിവസം കൂടി മഴ തുടരും

Posted on: May 9, 2014 12:16 am | Last updated: May 9, 2014 at 11:45 pm

Heavy-rains-Newskeralaകണ്ണൂര്‍: സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെ വരെ ഇത് നീളാനാണ് സാധ്യത. മഴക്കൊപ്പം മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ കാറ്റ് വീശാനിടയുള്ളതിനാല്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലായിരുന്നു ഇന്നലെ കനത്ത തോതില്‍ മഴ പെയ്തത്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ കൂടിയ തോതില്‍ മഴ രേഖപ്പെടുത്തി.

അതേസമയം, ന്യൂനമര്‍ദത്തിന്റെ ഫലമായി ഇപ്പോള്‍ കനത്ത മഴ പെയ്‌തൊഴിയുന്നത് കാരണം ഇത്തവണ മണ്‍സൂണ്‍ വൈകിയേക്കുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ വിലയിരുത്തി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അന്തരീക്ഷം ചൂടുകൂടുന്നതിനനുസരിച്ച് രൂപപ്പെടുന്ന കാര്‍മേഘം മെയ് അവസാനത്തോട് കൂടി പെയ്ത് തുടങ്ങുകയും ജൂണ്‍ ആദ്യ വാരം മുതല്‍ മണ്‍സൂണ്‍ കാലമായി കണക്കാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ പകുതിയോടെ മാത്രമേ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലുണ്ടാവുകയുള്ളൂ.