Connect with us

Palakkad

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ലേലം ചെയ്യാന്‍ ഉത്തരവ്‌

Published

|

Last Updated

പാലക്കാട്: തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ലേലം ചെയ്യാന്‍ ഉത്തരവ്. കഞ്ചിക്കോട് സൂര്യ നഗറില്‍ ഗോപാലന്റെ മകന്‍ മണികണ്ഠന്‍ മരിച്ച കേസില്‍ പാലക്കാട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിംസ് ട്രിബ്യൂണല്‍ വിധിച്ച 3,88,952 രൂപ കോടതിയില്‍ കെട്ടിവെക്കാത്തതിനാലാണ് ടി എന്‍ 38 എന്‍ 2593 നമ്പര്‍ ബസ് ലേലം ചെയ്യാന്‍ എം എ സി ടി കോടതി ജഡ്ജ് അനന്തകൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാലുമാസം മുമ്പ് ജപ്തിചെയ്ത് കോടതി വളപ്പില്‍ സൂക്ഷിച്ച ബസാണ് ലേലം ചെയ്യാനും ലേലതുക ഹരിജിക്കാര്‍ക്ക് നല്‍കുവാനും ഉത്തരവായത്.
2009 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചിക്കോട് റെയില്‍വേസ്റ്റേഷന്‍ റോഡില്‍വെച്ച് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും മണികണ്ഠന്‍ ഓടിച്ച ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയും സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. 2012 ജനവരിയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെതിരെ പാലക്കാട് എം എ സി ടി കോടതിയില്‍ നിന്നും വിധിവന്നിട്ടും ഇതുവരേയും വിധി സംഖ്യ കെട്ടിവെയ്ക്കുന്നതിനോ, വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനോ കോര്‍പ്പറേഷന്‍ അധികാരികള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നാലുമാസം മുമ്പ് ജപ്തിചെയ്ത് കോടതി വളപ്പില്‍ സൂക്ഷിച്ച ബസ് ലേലം ചെയ്ത് വിറ്റുകിട്ടുന്ന സംഖ്യ ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ ഉത്തരവായത്. ഹരിജിക്കാര്‍ക്കുവേണ്ടി അഡ്വ എന്‍ അഭിലാഷ് തേങ്കുറുശ്ശി ഹാജരായി.

 

Latest