Malappuram
പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകം; 35 വര്‍ഷമായി സ്ഥലം കാടുമൂടി കിടക്കുന്നു

തനിമയാര്‍ന്ന മാപ്പിളപാട്ടുകളും പ്രശസ്തമായ നിരവധി കത്തുപാട്ടുകള്‍ രചിച്ചും മലയാളികളില്‍ ചിരപ്രതിഷ്ഠ നേടി മാപ്പിളകവി പുലിക്കോട്ടില്‍ ഹൈദറിന്റെ പേരില്‍ സ്മാരകം നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലം 35 വര്‍ഷമായി കാടുമൂടിക്കിടക്കുന്നു.
വണ്ടൂര്‍-കാളികാവ് റോഡില്‍ ടിബി കുന്നിലാണ് ഇദ്ദേഹത്തിന്റെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ ഭൂമി വേര്‍തിരിച്ചിട്ടുള്ളത്. ഇവിടത്തെ പന്ത്രണ്ട് സെന്റ് ഭൂമിയില്‍ സ്മാരകം നിര്‍മിക്കാനായി 1979ല്‍ തറക്കല്ലിട്ടിരുന്നു. മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌കോയയാണ് തറക്കല്ലിട്ടത്. ഇപ്പോള്‍ തറക്കല്ല് പോലും കാണാനാവാത്ത വിധം കാടുമൂടി കിടക്കുകയാണിവിടെ.
1879 തിരുവാലിക്കടുത്തുള്ള പുന്നപ്പാലയില്‍ ജനിച്ച പുലിക്കോട്ടില്‍ ഹൈദറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചായിരുന്നു സ്മാരകത്തിന് ശ്രമം തുടങ്ങിയത്. പിന്നീട് തുടര്‍ നടപടികളില്ലാതിരുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പത്തുലക്ഷംരൂപ അനുവദിച്ചിരുന്നു. ഹൈദര്‍ സ്മാരകമെന്ന പേരില്‍ നാടന്‍ കലാപഠന പരിശീലന ഗവേഷണകേന്ദ്രമാണ് നിര്‍മിക്കാന്‍ ആസൂത്രണം ചെയ്തത്.
കൂടാതെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പ്രസാധന വിഭാഗം ഓഫീസ്, ഓഡിറ്റോറിയം, റഫറന്‍സ് ലൈബ്രറി, അറബി മലയാളം റിസര്‍ച്ച് സെന്റര്‍, മ്യൂസിയം, കലാപഠന പരിശീലനകേന്ദ്രം, ഫോട്ടോ ഗാലറി എന്നിവ ഉള്‍പ്പെടുത്താനും തീരുമാനമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
പുലിക്കോട്ടില്‍ ഹൈദര്‍ അറബി മലയാളത്തില്‍ രചിച്ച ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ വേദികളും റിയാലിറ്റോ ഷോകളിലും നിറഞ്ഞുനില്‍ക്കുമ്പോഴും ഇദ്ദേഹത്തിന്റെ പേരിലുള്ള സ്മാരകത്തിനുള്ള പ്രഥമിക നടപടികള്‍പോലും ഇപ്പോഴും ആരംഭിച്ചിട്ടില്ല.