Connect with us

Wayanad

പേമാരി ഭീഷണി: ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന വ്യാപകമായി നേരിടുന്ന പേമാരി ഭീഷണിയില്‍ ജില്ലക്ക് ആശങ്കപ്പെടാനില്ലെന്ന് അമ്പലവയല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 10 വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവുമെങ്കിലും കാറ്റിന്റെ തീവ്രത കുറയുമെന്നാണ് നിരീക്ഷണകേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വിവരം. അതേസമയം, നാളെ കനത്ത മഴയുണ്ടാവും. ഇന്ന് പത്തും നാളെ 54ഉം ശനിയാഴ്ച 10ഉം മില്ലിമീറ്റര്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിക്കുന്നത്. മഴക്കൊപ്പം കാറ്റുണ്ടാവുമെങ്കിലും തീവ്രത മണിക്കൂറില്‍ എട്ടുമുതല്‍ പത്തു കിലോമീറ്റര്‍ ആയിരിക്കും. ഇതുതന്നെയാണ് ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നതിനു കാരണം. അതേസമയം, സംസ്ഥാന വ്യാപകമായി ഉണ്ടാവുന്ന പേമാരി തീരദേശ മേഖലകളില്‍ നാശനഷ്ടമുണ്ടാക്കുമെന്നും വിലയിരുത്തുന്നു. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇക്കാരണത്താല്‍ ഇടിമിന്നല്‍ ഉണ്ടാവുന്ന സമയങ്ങളില്‍ ആവശ്യമായ ജാഗ്രതയും മുന്‍കരുതലുകളും എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, റവന്യൂവകുപ്പ് ജാഗ്രതയിലാണ്. ഉദ്യോഗസ്ഥര്‍ അതാതു പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഉണ്ടാവണമെന്നാണ് ഉന്നതോദ്യോഗസ്ഥരില്‍ നിന്നു ലഭിച്ച നിര്‍ദേശം.