കുറ്റിയാടി മേഖലയില്‍ മാലിന്യം തള്ളുന്നത് ഭീഷണിയായി

Posted on: May 8, 2014 3:28 pm | Last updated: May 8, 2014 at 3:28 pm

കുറ്റിയാടി: കുറ്റിയാടി മേഖലയിലെ മിക്ക ടൗണുകളിലും കുറ്റിയാടി ചുരം ആശുപത്രി പരിസരത്തും മാലിന്യം തള്ളുന്നത് മഴക്കാല രോഗങ്ങള്‍ പകരാന്‍ ഇടയാക്കുമെന്ന ഭീതിയില്‍ നാട്ടുകാര്‍. കുറ്റിയാടി ടൗണില്‍ ഓവുചാലുകളില്‍ പ്ലാസ്റ്റിക് അടക്കമുള്ള ചപ്പുചവറുകള്‍ തങ്ങിക്കിടക്കുന്നത് കാരണം മാലിന്യം കലര്‍ന്ന മഴവെള്ളം കെട്ടിക്കിടക്കുകയാണ്. മത്സ്യ-മാംസ മാര്‍ക്കറ്റില്‍ കഴിഞ്ഞ വേനല്‍മഴയില്‍ കടവരാന്തയിലടക്കം മാലിനജലം കെട്ടിനിന്നിരുന്നു.
മരുതോങ്കര-തൊട്ടില്‍പ്പാലം റോഡില്‍ ചപ്പുചവറുകള്‍ക്ക് പുറമെ പലഭാഗത്തും സ്ലാബുകള്‍ പൊട്ടി ഓവുചാലിലേക്ക് വീണുകിടക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. വായനശാല, എം ഐ യു പി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ കച്ചവടക്കാര്‍ തള്ളുന്ന പ്ലാസ്റ്റിക് അടക്കമുള്ള പാഴ്‌വസ്തുക്കള്‍ മഴപെയ്തതോടെ അഴുകാന്‍ തുടങ്ങിയിട്ടുണ്ട്. തളീക്കര, ദേവര്‍കോവില്‍ തുടങ്ങിയ ടൗണുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ ഓവുചാലുകളില്‍ വെള്ളം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. തൊട്ടില്‍പ്പാലം ടൗണില്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് അടുത്ത് സ്ഥിതിചെയ്യുന്ന പുഴക്കരികില്‍ മാലിന്യക്കൂമ്പാരം തന്നെയുണ്ട്. മത്സ്യ മാര്‍ക്കറ്റിനടുത്തുള്ള പുഴയോരത്തും മാലിന്യം തള്ളുന്നത് ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.