സിറിയ: ഹംസില്‍ വിമതരുടെ പിന്‍മാറ്റം ആരംഭിച്ചു

Posted on: May 7, 2014 11:24 pm | Last updated: May 7, 2014 at 11:24 pm

ദമസ്‌കസ്: സിറിയന്‍ വിമത പോരാളികള്‍ ഹംസില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങി. സര്‍ക്കാര്‍ സൈന്യവുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഇത്. സര്‍ക്കാര്‍ സൈന്യം വളഞ്ഞ ഹംസില്‍ നിന്ന് ആദ്യഘട്ടം ആയിരം വിമത സൈനികരെ കൊണ്ടുപോകുന്നതിന് നിരവധി ബസുകള്‍ പഴയ നഗരത്തില്‍ എത്തിയതായി യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയയിലെ മനുഷ്യാവകാശ ധ്വംസനം നിരീക്ഷിക്കുന്ന ഏജന്‍സി അറിയിച്ചു.
120 പേരെയുമായി മൂന്ന് ബസുകള്‍ തിരിച്ചുപോയിട്ടുണ്ട്. ഇവരില്‍ പരുക്കേറ്റവും അല്ലാത്തവരുമായ തദ്ദേശീയരും പോരാളികളുമുണ്ടെന്ന് വിമത നേതാവ് അബുല്‍ ഹരീത് അല്‍ ഖാലിദി പറഞ്ഞു. പ്രസിഡന്റ് ബശര്‍ അല്‍ അസദിനോട് ആഭിമുഖ്യമുള്ള വടക്കന്‍ ഷിയാ നഗരത്തിലെ വിമത ഉപരോധം കുറക്കാനും കരാറില്‍ പറയുന്നുണ്ട്. യു എന്നിന്റെ മേല്‍നോട്ടത്തിലാണ് വിമതരുടെ ഒഴിപ്പിക്കല്‍ നടക്കുന്നത്. ഒരിക്കല്‍ അസദിനെതിരായ പ്രക്ഷോഭത്തിന്റെ തലസ്ഥാനം എന്ന് വിളിക്കപ്പെട്ടിരുന്ന ഹംസില്‍ നിന്ന് വിമതരുടെ സാന്നിധ്യം തീരെ ഇല്ലാതാക്കാനുള്ള നടപടി അസദിന്റെ വിജയമായാണ് കണക്കാക്കുന്നത്. വിവിധ ഘട്ടങ്ങളിലായാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. വടക്കന്‍ ഷിയാ നഗരങ്ങളായ നുബുല്‍, അല്‍ സഹ്‌റ എന്നിവിടങ്ങളില്‍ നിന്ന് തദ്ദേശീയരെ ഒഴിപ്പിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേര്‍ അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. വടക്കും കിഴക്കും മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അടുത്ത മാസം മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ മൂന്നാമതും അസദ് അധികാരത്തിലേറും.