പി ജി മെഡി. സീറ്റുകള്‍ നഷ്ടപ്പെടില്ല

Posted on: May 7, 2014 11:15 pm | Last updated: May 7, 2014 at 11:15 pm

STETHESCOPE DOCTORതിരുവനന്തപുരം: സംസ്ഥാനത്തെ 517 മെഡിക്കല്‍ പി ജി സീറ്റുകളിലേക്കും 159 പി ജി ഡിപ്ലോമ സീറ്റുകളിലേക്കും ഈ വര്‍ഷം തന്നെ പ്രവേശനം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. സംസ്ഥാനത്തെ നിലവിലെ പി ജി മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുമെന്നും യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. എം ഡിയുള്ള ഡോക്ടര്‍മാരെ അസിസ്റ്റന്റ് പ്രൊഫസര്‍മാരാക്കാനും തീരുമാനമായി.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ തൊണ്ണൂറിലേറെ വരുന്ന പി ജി സീറ്റുകള്‍ റദാക്കിയ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ റദ്ദ് ചെയ്ത മെഡിക്കല്‍ പി ജി സീറ്റുകളുടെ അംഗീകാരം പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി റസിഡന്റ് ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച പണിമുടക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നത്.
മഞ്ചേരിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രത്യേക ജനറല്‍ ഹോസ്പിറ്റല്‍ നിര്‍മിക്കും. മഞ്ചേരി ഡി എച്ച് എസിന്റെ കീഴില്‍ എം ഡി. ഡിഗ്രിയുള്ള ഡോക്ടര്‍മാരുണ്ട്. അവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുമ്പോള്‍ അവിടെയുള്ള ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷനിലുള്ള ആളുകളെ നിയമിച്ച് താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കി പുനഃക്രമീകരണം നടത്തുമെന്നും ചര്‍ച്ചക്ക് ശേഷം മന്ത്രി വ്യക്തമാക്കി. എം എല്‍ എമാരായ റോഷി അഗസ്റ്റിയന്‍, എം ഉമ്മര്‍, ആരോഗ്യ സെക്രട്ടറി, ഡി എച്ച് എസ് ഡോ. പി കെ ജമീല, ഡി എം ഇ. ഡോ. വി ഗീത തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.