തഴക്കവും താരവും ഏറ്റുമുട്ടുമ്പോള്‍

    Posted on: May 7, 2014 8:35 am | Last updated: May 7, 2014 at 8:35 am

    പശ്ചിമ ബംഗാളിലെ ബന്‍കൂറയില്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. എറ്റുമുട്ടാനിറങ്ങുന്നവരാണ് ഇവിടുത്തെ പ്രത്യേകത. സി പി എമ്മിന്റെ കോട്ടയിലേക്ക് വിവിധ പാര്‍ട്ടികള്‍ ടിക്കറ്റ് നല്‍കിയത് രാഷ്ട്രീയമല്ലാത്ത മേഖലയിലുള്ളവര്‍ക്ക്. ഒമ്പത് തവണ തുടര്‍ച്ചയായി എം പിയായ സി പി എമ്മിന്റെ ബസുദേബ് ആചാര്യയാണ് പത്താം ഊഴം കാത്ത് ഇത്തവണ പോരിനിറങ്ങുന്നത്. തൃണമൂല്‍ ഇദ്ദേഹത്തിനെതിരെ രംഗത്തിറക്കിയത് നടി മൂണ്‍ മൂണ്‍ സെന്നിനെ. ജ്യോത്സ്യനായ ബിനോയ് ചൗധരിയും ഡോക്ടറായ സുഭാഷ് കുമാര്‍ സര്‍ക്കാറും ഇവിടെ മാറ്റുരക്കുന്നു.
    1980 മുതല്‍ ഈ മണ്ഡലം സി പി എമ്മിന്റെ കൈയിലാണ്. 72 കാരനായ ആചാര്യ 34 വര്‍ഷമായി മണ്ഡലത്തിലുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ ഇദ്ദേഹം 60 കാരിയായ മൂണ്‍ മൂണ്‍ സെന്നിനെയാണ് നേരിടുന്നത്. കോണ്‍ഗ്രസിന് വേണ്ടി നിമിദാബ് ഗുപ്തയും ബി എസ് പിക്ക് വേണ്ടി ചൗധരിയും ബി ജെ പിക്ക് വേണ്ടി സര്‍ക്കാറുമാണ് കളത്തിലിറങ്ങുന്നത്. സുഭാഷ് കുമാര്‍ സര്‍ക്കാര്‍ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. പട്ടികവര്‍ഗ വിഭാഗം ഏറെയുള്ള മണ്ഡലമായ ഇവിടെ തിരഞ്ഞെടുപ്പിന് മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്. 42 ഡിഗ്രി വരെയുയര്‍ന്ന കടുത്ത പകല്‍ചൂടിനെ അവഗണിച്ചാണ് മണ്ഡലത്തില്‍ പ്രചാരണം പൊടിപൊടിക്കുന്നത്. തിരഞ്ഞെടുപ്പ് റാലികളും ഗൃഹസന്ദര്‍ശനങ്ങളും സജീവം. 15 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തില്‍ നിന്ന് ഈ മാസം ഏഴിന് വിധി നിര്‍ണയിക്കാന്‍ ബൂത്തിലെത്തുക.
    2009 ലെ തിരഞ്ഞെടുപ്പില്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആചാര്യ ജയിച്ചത്. 2011 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ നാലും പിടിച്ചടക്കിയതാണ് മമതയെ ആത്മവിശ്വാസം കൊള്ളിക്കുന്നത്. മണ്ഡലത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ സി പി എമ്മിന്റെ പതനത്തിന്റെ ബാക്കിപത്രമാണിതെന്നും മമത കണക്ക് കൂട്ടുന്നു. 2011 ല്‍ 34 വര്‍ഷത്തെ സി പി എമ്മിന്റെ ഭരണം അവസാനിപ്പിച്ചതിന്റെ അലയൊലികള്‍ ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയും മമത കൈവിടുന്നില്ല.
    ആചാര്യയുടെ വികസനവാദത്തെ തള്ളിക്കളഞ്ഞാണ് സുചിത്രാ സെന്നിന്റെ മകളായ മൂണ്‍ മൂണ്‍ സെന്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. 34 വര്‍ഷത്തിനിടെ വെറും വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും മണ്ഡലത്തില്‍ നടന്നില്ലെന്നും അവര്‍ പറയുന്നു. നല്ല റോഡുകളോ കുടിവെള്ളമോ ഇവിടെയില്ല. പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയവും കുടിവെള്ളവും റോഡുകളുടെ അപര്യാപ്തതയുമാണ്. ബന്‍കൂറയിലെ എല്ലാ ഗ്രാമങ്ങളിലെയും സ്ഥിതി ദയനീയമാണ്. തൃണമൂലിന്റെ ആരോപണങ്ങളില്‍ വിശ്വസിക്കരുതെന്നാണ് ആചാര്യയുടെ വാദം. അവര്‍ക്ക് രാഷ്ട്രീയം അറിയില്ലെന്നും സിനിമയാണ് അവരുടെ മേഖലയെന്നുമാണ് സി പി എമ്മിന്റെ വാദങ്ങള്‍. മൂണ്‍ മൂണ്‍ സെന്നിന് വേണ്ടി സിനിമാ താരങ്ങളുടെ പടതന്നെയാണ് പ്രചാരണത്തിന് മണ്ഡലത്തിലെത്തിയത്. ഇതിനിടെ മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടെന്നാണ് ബി ജെ പി സ്ഥാനാര്‍ഥി ഡോ. സര്‍ക്കാര്‍ പറയുന്നത്. ഇരുണ്ട യുഗത്തില്‍ നിന്ന് മണ്ഡലത്തെ രക്ഷിക്കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ് യു സി ഐ, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഝാര്‍ഖണ്ഡ് ദേശം പാര്‍ട്ടി, ഝാര്‍ഖണ്ഡ് അനുഷിലാം പാര്‍ട്ടി, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ബഹുജന്‍ മുക്തി പാര്‍ട്ടി തുടങ്ങിയ കക്ഷികളും ഇവിടെ മത്സരത്തിനുണ്ട്.