മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു

Posted on: May 7, 2014 12:31 am | Last updated: May 7, 2014 at 12:31 am

തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ നടപടികളാരംഭിച്ചു. നടപടിക്രമങ്ങള്‍ക്കു രൂപം നല്‍കാന്‍ തിരുവനന്തപുരത്ത് ഉന്നത സമിതിയോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്. രോഗപ്രതിരോധ നടപടികള്‍ക്കു നേതൃത്വം വഹിക്കുന്നതിനായി മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ വൈസ് ചെയര്‍മാനുമായി ഉന്നതതല ഏകോപന സമിതി രൂപീകരിച്ചു.
ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങി ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണു പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ക്കു രൂപം നല്‍കുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഒരോ ആഴ്ചയും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലുള്ള സമിതി വീടുകള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.