സീമാന്ധ്ര നാളെ ബൂത്തിലേക്ക്; കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍

    Posted on: May 6, 2014 6:00 am | Last updated: May 5, 2014 at 11:19 pm

    ഹൈദരാബാദ്: പുതിയ പ്രഭാതത്തിലേക്ക് നാളെ വോട്ട് രേഖപ്പെടുത്തുന്ന സീമാന്ധ്രയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണെന്ന വിലയിരുത്തല്‍ തന്നെയാണ് ഏറ്റവും ഒടുവിലും ഉയരുന്നത്. പഴയ എതിരാളി ചന്ദ്രബാബു നായിഡു മാത്രമല്ല കോണ്‍ഗ്രസില്‍ നിന്ന് വളര്‍ന്ന് പാര്‍ട്ടി വിട്ട ജഗന്‍മോഹന്‍ റെഡ്ഢിയും പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മേല്‍ പ്രഹരമേല്‍പ്പിക്കുന്നു. ആന്ധ്രയെ വിഭജിച്ച പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിന് മേല്‍ ചാപ്പ കുത്തുന്നതില്‍ ടി ഡി പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും വിജയിച്ചിട്ടുണ്ട്. സത്യത്തില്‍ ഭരണകക്ഷിയെന്ന നിലയിലുളള നിസ്സഹയാവസ്ഥയാണ് കോണ്‍ഗ്രസ് അനുഭവിച്ചത്. കോണ്‍ഗ്രസിനെ ആക്രമിക്കുന്ന എതിരാളികള്‍ക്ക് പോലും വിഭജന പ്രശ്‌നത്തില്‍ കൃത്യമായ നിലപാട് എടുക്കാന്‍ സാധിച്ചില്ലെന്നതും വസ്തുതയാണ്. ആന്ധ്രാ വിഭജനത്തിനെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയടക്കമുള്ള സംസ്ഥാന ഭരണ സംവിധാനമാകെ പങ്കെടുത്തപ്പോള്‍ സംഭവിച്ച ഭരണ സ്തംഭനത്തിന്റെയും ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ ചുമലിലാണ്. സീമാന്ധ്രയില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. കിരണ്‍ കുമാര്‍ റെഡ്ഢി പുതിയ പാര്‍ട്ടിയുണ്ടാക്കി പോയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ജയ് സമൈഖ്യാന്ധ്ര എന്ന അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടി സീറ്റ് നേടില്ലായിരിക്കാം. പക്ഷേ, കോണ്‍ഗ്രസിന്റെ അത്താഴം മുടക്കാന്‍ അവരും മതി.
    3.5 കോടി വോട്ടര്‍മാരാണ് സീമാന്ധ്രയില്‍ ഉള്ളത്. നാളെ ഇവിടെ 25 ലോക്‌സഭാ സീറ്റിലേക്കും 175 നിയമസഭാ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭയിലേക്ക് 333 സ്ഥാനാര്‍ഥികളാണ് ബലപരീക്ഷണം നടത്തുന്നത്. നിയമസഭയിലേക്ക് 2,243 പേരാണ് ഗോദയിലുള്ളത്. 2009ല്‍ 33 എം പിമാരെയാണ് ആന്ധ്രാപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്റിലേക്ക് അയച്ചത്. 2004ല്‍ ഇത് 29 പേരായിരുന്നു. സംസ്ഥാന ഭരണം തിരിച്ച് പിടിക്കാനുള്ള തെലുഗു ദേശം പാര്‍ട്ടിയുടെ ശ്രമങ്ങള്‍ നിഷ്ഫലമാക്കി 2004ലും 2009ലും തുടര്‍ച്ചയായി നിയമസഭയിലും കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു.
    എന്നാല്‍, ഇത്തവണ ഈ വിജയങ്ങളെല്ലാം ഒലിച്ചു പോകുമെന്ന് കോണ്‍ഗ്രസ് തന്നെ വിലയിരുത്തുന്നു. തെലങ്കാനാ രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് നിരവധി കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ഡി പുരന്ദേശ്വരിയെപ്പോലുള്ളവര്‍ ബി ജെ പിയില്‍ ചേക്കേറുകയും ചെയ്തു. ‘സീമാന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ല. നിയമസഭ തള്ളിയ ആന്ധ്രാ പുനഃസംഘടനാ ബില്ലുമായി മുന്നോട്ട് പോയ കോണ്‍ഗ്രസിനെ ജനങ്ങള്‍ ശിക്ഷിക്കും’- രാജമുന്ധ്രിയില്‍ നിന്നുള്ള സിറ്റിംഗ് എം പിയും കോണ്‍ഗ്രസ് വിട്ട് കിരണ്‍ റെഡ്ഡിക്കൊപ്പം പോയ പ്രമുഖനുമായ വുണ്ടവള്ളി അരുണ കുമാര്‍ പറയുന്നു. അതേസമയം, മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള തിരിച്ചടി പാര്‍ട്ടിക്കുണ്ടാകില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര പട്ടികവര്‍ഗ കാര്യ മന്ത്രിയുമായ കിശോര്‍ ചന്ദ്ര ദിയോ പറയുന്നത്. സംസ്ഥാനം വിഭജിച്ചുവെന്നത് ശരിയാണ്. പക്ഷേ, ബൈഫര്‍ക്കേഷന്‍ ആക്ടില്‍ സീമാന്ധ്രക്ക് നിരവധി പാക്കേജുകള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദം കൊണ്ട് സാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.