പാഠപുസ്തക വിതരണം: വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പുലര്‍ത്തണം

Posted on: May 5, 2014 11:35 pm | Last updated: May 5, 2014 at 11:35 pm

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അധ്യാപക പരിശീലന പരിപാടികള്‍ തുടങ്ങിയിട്ടും പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്തത് സംസ്ഥാനത്തെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പാഠപുസ്തക വിതരണത്തില്‍ വിദ്യാഭ്യാസ വകുപ്പുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പകുതി പുസ്തകവും ഈ വര്‍ഷം മാറ്റത്തിന് വിധേയമാവുകയാണ്.
പഠന സമീപനത്തിലും ഉള്ളടക്കത്തിലും കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തിയതിനാല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാതെ നടക്കുന്ന അധ്യാപക പരിശീലന പരിപാടികള്‍ ഫലപ്രദമാകില്ല. പാഠപുസ്തകത്തിന്റെയും മുന്‍വര്‍ഷം പ്രഖ്യാപിച്ച സൗജന്യ യൂണിഫോമിന്റയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു.
വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുറസാഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.