സൂധീരനെതിരെ ഷാനിമോള്‍; അച്ചടക്ക ലംഘനം നടത്തിയെന്ന്

Posted on: May 5, 2014 5:13 pm | Last updated: May 5, 2014 at 5:37 pm

shanimol_osmanകൊച്ചി: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ ആഞ്ഞടിച്ച് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത്. സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ഷാനിമോള്‍ തുറന്നടിച്ചു. കെ സി വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കെ പി സി സിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ഷാനിമോളുടെ പ്രതികരണം. കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ സുധീരന്‍ തന്നെ അവഹേളിച്ചുവെന്നും തനിക്കുള്ള കത്ത് മാധ്യമങ്ങളിലൂടെ നല്‍കിയത് അച്ചടക്ക ലംഘനമല്ലേ എന്നും ഷാനിമോള്‍ കത്തില്‍ ചോദിക്കുന്നു.  (Read: ഷാനിമോള്‍ക്ക് സീറ്റ് കിട്ടാത്തതിന്റെ വിഷമം: സുധീരന്‍)

വധശിക്ഷ വിധിച്ചവര്‍ക്കുള്ള പ്രപഞ്ച നീതിപോലും തനിക്ക് കിട്ടിയില്ല. പാര്‍ട്ടി വേദിയില്‍ ചങ്ങലയ്ക്കിട്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കരുത്. തന്റെ ആത്മാഭിമാനം ജീവനോളം വലുതാണെന്നും ഷാനിമോള്‍ കത്തില്‍ പറയുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ വാളോങ്ങുന്നത് ശരിയല്ലെന്നും സംഘടനാ മര്യാത വെച്ച് താക്കീത് അംഗീകരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

സുധീരന് ഇപ്പോള്‍ വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണ്. സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താന്‍ സുധീരന്‍ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നു – ഷാനിമോള്‍ തുടരുന്നു.

കെ.സി.വേണുഗോപാലിനു സരിത നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നു ഷാനിമോള്‍ പാര്‍ട്ടി ഫോറത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കെ പി സി സി അച്ചടക നടപടി സ്വീകരിക്കുകയായിരുന്നു.