സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിനും സ്വന്തമായി വാഹനവും സ്ഥലവും

Posted on: May 4, 2014 11:09 am | Last updated: May 4, 2014 at 11:09 am

വെള്ളമുണ്ട: വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിനും സ്വന്തമായി വാഹനവും സ്ഥലവും ലഭിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തകരെ സഹായിക്കാന്‍ രൂപീകരിച്ച ഫ്രണ്ട്‌സ് ഓഫ് പാലിയേറ്റീവാണ് വാഹനവും സ്ഥലവും ലഭ്യമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത്. വെള്ളമുണ്ട സ്വദേശിയുടെ കീഴില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍കരാമ ഗ്രൂപ്പാണ് ആറു ലക്ഷത്തോളം രൂപ വിലവരുന്ന ജീപ്പ് പാലിയേറ്റീവിനായി സൗജന്യമായി നല്‍കിയത്. നേരത്തെ മന്ത്രി ജയലക്ഷ്മി നല്‍കിയ ആംബുലന്‍സ് ഉപയോഗിച്ചായിരുന്നു പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ആഴ്ചയില്‍ രണ്ടുദിവസം രോഗികളുടെ വീടുകളിലെ പരിചരണം നല്‍കിയിരുന്നത്. ആംബുലന്‍സുമായി എല്ലാ റോഡിലൂടെയും പോകാന്‍ കഴിയാത്തതും ആംബുലന്‍സുമായി രോഗികളുടെ വീട്ടിലെത്തുമ്പോഴുണ്ടാകുന്ന പ്രയാസവും കണക്കിലെടുത്താണ് മറ്റൊരു വാഹനം കണ്ടെത്താന്‍ പ്രേരിപ്പിച്ചത്. ഇതിനായി സംഘടിപ്പിച്ച വോളിമേളയും ഗാനമേളയും വന്‍വിജയമായിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് വെള്ളമുണ്ട സ്വദേശി വാഹനം വാഗ്ദാനം ചെയ്തത്. പരിപാടിയിലൂടെ ലഭിച്ച തുകയും നാട്ടുകാരില്‍ നിന്നും പിരിച്ച തുകയും ഉപയോഗിച്ചാണ് നിലവില്‍ വെള്ളമുണ്ട തേറ്റമല റോഡില്‍ പാലിയേറ്റീവിനായുള്ള ഭൂമിയോട് ചേര്‍ന്ന് മൂന്നര സെന്റ് ഭൂമി കൂടിവാങ്ങിയത്. ഇതോടെ പത്തു സെന്റോളം ഭൂമിയാണ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിനുള്ളത്. ഇതില്‍ ഉടന്‍തന്നെ കെട്ടിടം പണി ആരംഭിക്കും. വാഹനത്തിന്റെ താക്കോല്‍ കുനിങ്ങാരത്ത് മമ്മൂട്ടിയും ഭൂമിയുടെ രേഖ എം ചന്ദ്രന്‍മാസ്റ്ററും പാലിയേറ്റീവ് പ്രവര്‍ത്തകരായ കണ്ണന്‍നായര്‍, എകരത്ത് മമ്മുഹാജി എന്നിവര്‍ക്ക് കൈമാറി. കൈപ്പാണി ഇബ്രാഹീം, ശ്രീധരന്‍, ടി കെ മമ്മൂട്ടി, പി സൂപ്പി, ആവ ഹാജി സംസാരിച്ചു.