വിവാദങ്ങള്‍ ബാക്കി; മാഹിയിലെ കല്യാണമണ്ഡപം നിര്‍മാണം പാതിവഴിയില്‍

Posted on: May 4, 2014 9:31 am | Last updated: May 4, 2014 at 9:31 am
SHARE

തലശ്ശേരി: മയ്യഴി നഗരസഭയുടെ കല്യാണ മണ്ഡപം പാതിവഴിയില്‍ നിലച്ചു. മയ്യഴി നഗരസഭയാണ് ദേശീയപാതയ്ക്കരികില്‍ മാഹി പള്ളിക്ക് എതിര്‍വശം കല്യാണ മണ്ഡപത്തിന് തറക്കല്ലിട്ടത്. നഗരസഭയുടെ തനത്ഫണ്ടില്‍ നിന്നും 89 ലക്ഷം നീക്കിവെച്ചാണ് 2007ല്‍ നിര്‍മാണമാരംഭിച്ചത്. ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ ബഹുനില കെട്ടിടമാണ് വിഭാവനം ചെയ്തത്. സ്ഥലം കൗണ്‍സിലറുടെ പേര് ശിലാഫലകത്തില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് തറക്കല്ലിട്ട നാള്‍ മുതല്‍ ആരംഭിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കല്യാണമണ്ഡപത്തിന്റെ ഒന്നാം നില പൂര്‍ത്തിയാവുന്നതിനിടയില്‍ കരാറുകാരന്‍ മരണപ്പെട്ടു. ഇതോടെ നിര്‍മാണപ്രവൃത്തികള്‍ സ്തംഭിച്ചു. ഇതിനിടെ നഗരസഭ പിരിച്ചുവിടപ്പെട്ടു. തുടര്‍ന്നുള്ള ഉദ്യോഗസ്ഥര ഭരണം മുന്‍ നഗരസഭയുടെ തീരുമാനങ്ങളൊന്നും നടപ്പാക്കിയതുമില്ല. ഏതാനും സ്വകാര്യ ഹോട്ടലുകാരെ സഹായിക്കാനാണ് വിവാഹ മണ്ഡപം പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചതെന്ന ആക്ഷേപവും മയ്യഴിയില്‍ ഉയരുന്നുണ്ട്.