Connect with us

Malappuram

നാട്ടുകാര്‍ക്ക് ദുരിതം വിതച്ച് പുത്തനങ്ങാടി-പണിക്കരുകാട് റോഡ്

Published

|

Last Updated

പെരിന്തല്‍മണ്ണ: ആറ് മീറ്റര്‍ വീതിയില്‍ 1999-2000 വര്‍ഷത്തില്‍ നിര്‍മിച്ച ഈ പഞ്ചായത്ത് റോഡു കണ്ടാല്‍ ആരും ഞെട്ടിപ്പോകും. ഇത് നരകത്തിലേക്കുള്ള വഴിയെന്ന് തീര്‍ച്ചപ്പെടുത്തും.
അങ്ങാടിപ്പുറം പഞ്ചായത്തിലെ 16, 17 വാര്‍ഡുകളുള്‍പ്പെടുന്ന പുത്തനങ്ങാടി-പണിക്കരുകാട്-ഫാത്വിമ എസ്റ്റേറ്റ് റോഡിലെ പണിക്കാരുകാട് ഭാഗത്തെ 100 മീറ്ററാണ് പത്തു വര്‍ഷമായി തകര്‍ന്നു തരിപ്പണമായിക്കിടക്കുന്നത്.
വര്‍ഷാവര്‍ഷമുള്ള മലവെള്ളപ്പാച്ചിലില്‍ റോഡില്‍ വലിയ കുഴികളും കല്ലിന്‍ കൂമ്പാരങ്ങളും രൂപപ്പെട്ടിരുന്നു. അന്‍പതിലധികം കുടുംബങ്ങള്‍ക്ക് കാല്‍നട യാത്ര പോലും ഇവിടെ സാധ്യമാകുന്നില്ല. കുടിയേറ്റ മേഖലയായ ഈ പ്രദേശത്തു നിന്ന് കര്‍ഷകര്‍ക്ക് വിഭവങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനും രോഗികളെ ആശുപത്രിയിലെത്തിക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലെത്താനും വഴി വേറെയില്ല.
മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ളവരോട് പരാതി അറിയിച്ചും നിവേദനങ്ങള്‍ നല്‍കിയും മടുത്തിരിക്കുകയാണ് നാട്ടുകാര്‍. പക്ഷേ വര്‍ഷം പത്തു കഴിഞ്ഞിട്ടും ഇടക്കിടെ നടക്കുന്ന അളവെടുക്കലല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
അധികൃതര്‍ ഇനിയും കൈയൊഴിയാനാണ് ഭാവമെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വര്‍ഗീസ് തയ്യിലും മാത്യു ചോക്കാട്ടും പറഞ്ഞു.

 

Latest