അമിക്കസ് ക്യൂറി വീണ്ടും ക്ഷേത്രത്തിലെത്തി

Posted on: May 4, 2014 12:08 am | Last updated: May 4, 2014 at 12:08 am

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള പുതിയ ഭരണസമിതി അംഗങ്ങള്‍ ഇന്ന് ക്ഷേത്രത്തില്‍ പരിശോധന നടത്തും. സമിതി അധ്യക്ഷ ജില്ലാ അഡീഷനല്‍ ജഡ്ജി കെ പി ഇന്ദിരയുടെ നേതൃത്വത്തില്‍ നിലവിലുള്ള അംഗങ്ങളായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. വിജയകുമാര്‍, ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീശന്‍, പഞ്ചംഗത്ത് നമ്പി എന്നിവരാണ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തുക.
ഇതിനിടെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇന്നലെ ക്ഷേത്രത്തിലെത്തി, പുതിയ ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തി. ക്ഷേത്രത്തിന്റെ യഥാര്‍ഥ സ്വത്തുവിവരം അറിയാവുന്നവര്‍ ക്ഷേത്രത്തില്‍ തന്നെയുണ്ടെങ്കിലും ആരും ഇത് വെളിപ്പെടുത്തിയില്ലെന്ന് സമിതി അംഗങ്ങളെ അമിക്കസ് ക്യൂറി ധരിപ്പിച്ചു.
ക്ഷേത്രക്കുളങ്ങളുടെ പുനരുദ്ധാരണം ഉള്‍പ്പെടെ ക്ഷേത്രത്തില്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേ സമയം പെട്ടെന്നുള്ള അമിക്കസ് ക്യൂറിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വ്യക്തമല്ല.
കഴിഞ്ഞ ദിവസം ഭരണസമിതിയുടെ ആദ്യ യോഗം ചേര്‍ന്നിരുന്നു. പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥലത്തില്ലാത്തതിനാല്‍ യോഗത്തില്‍ കാര്യമായ അജന്‍ഡയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, സുപ്രീം കോടതിയുടെ ഉത്തരവ് വന്ന ശേഷം കാലതാമസം വരുത്താതിരിക്കാന്‍ വേണ്ടിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ എത്താതിരുന്ന അംഗങ്ങളെ തീരുമാനം അറിയിക്കണമെന്ന് തീരുമാനിച്ചാണ് യോഗം അവസാനിപ്പിച്ചത്. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ മുടക്കം കൂടാതെ നടക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചിരുന്നു.