രാജ്യം കടുത്ത ചൂടിലേക്ക്

Posted on: May 3, 2014 6:47 pm | Last updated: May 3, 2014 at 6:47 pm

ദുബൈ: രാജ്യം കടുത്ത ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. രാവിലെ മുതല്‍ വൈകുന്നേരം വരെ അസഹ്യ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
ഏപ്രിലില്‍ ചില ദിവസങ്ങളില്‍ പലസ്ഥലങ്ങളിലും മഴ ലഭിച്ചിരുന്നു. അത് കാരണം തണുത്ത കാലാവസ്ഥ അല്‍പം കൂടി നീണ്ടു. ഈ വര്‍ഷമാണ് യു എ ഇയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ചൂട് കൂടാനാണ് സാധ്യത. മെയ് പകുതിയോടെ 52 ഡിഗ്രി വരെ ആകും. ജൂണ്‍ അവസാനം റംസാന്‍ തുടങ്ങുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് നോമ്പനുഷ്ഠാനം കാഠിന്യമുള്ളതാവും. കഴിഞ്ഞവര്‍ഷം 15 മണിക്കൂറോളം നീണ്ട റംസാന്‍ വ്രതമായിരുന്നു. 52 ഡിഗ്രിക്ക് മുകളിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചൂട്. ഈ വര്‍ഷത്തെ റമസാന്‍ പകലുകള്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമുള്ളവയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു.
ഉഷ്ണകാലം തുടക്കമായാല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കഫ്റ്റീരിയ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും കെട്ടിട നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവരുമാണ്. നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആശ്വാസമായി ഉച്ച വിശ്രമം നിര്‍ബന്ധമാക്കി നിയമം യു എ ഇയില്‍ നിലവിലുണ്ട്.
മറ്റു എമിറേറ്റുകളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ ചൂടാണ് അല്‍ ഐനില്‍. കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണമായി കടലില്‍ തിരമാലകള്‍ ശക്തം. അടുത്തദിവസങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുത്ത മാസങ്ങളില്‍ ദീര്‍ഘമേറിയ പകലായിരിക്കും. അജ്മാന്‍, ഷാര്‍ജ, ദുബൈ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തിരമാലകളാണ്. റാസല്‍ഖൈമയില്‍ 34 ഡിഗ്രി ചൂട് രേഖപ്പെടുത്തുമ്പോള്‍ ഫുജൈറയില്‍ 36 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ 32 ഡിഗ്രിയും ഉമ്മുല്‍ ഖുവൈന്‍, ദുബൈ എന്നിവിടങ്ങളില്‍ 31 ഡിഗ്രിയുമാണ് ചൂട്. ചൂട് ശക്തമാകുന്നതോടെ പകര്‍ച്ചവ്യാധിയും പകരുവാന്‍ സാധ്യതയുണ്ട്. ചെങ്കണ്ണ്, കണ്ണ് മറിയല്‍, പനി എന്നിവയാണ് ചൂട് കൂടുന്നതോടെ വ്യാപകമാകുന്നത്. പൈപ്പില്‍ നിന്നും വരുന്ന ചൂട് വെള്ളം ചൂട് മാറിയതിന് ശേഷം മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറയുന്നു.