കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ധിഷണതയുടെ പര്യായം

Posted on: May 3, 2014 12:30 am | Last updated: May 3, 2014 at 12:31 am

New Imageഅബുദാബി രാജ്യാന്തര പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് അതിഥിയായെത്തിയ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ കേരളീയ ഇസ്‌ലാമിക സാംസ്‌കാരിക വൈജ്ഞാനിക മുന്നേറ്റത്തിന് ധിഷണാപരമായി കരുത്തുപകര്‍ന്ന വ്യക്തിത്വമാണ്.
1946ല്‍ ജനിച്ച ബാവ മുസ്‌ലിയാര്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും അഫഌലുല്‍ ഉലൂം പാസായി. 1988 മുതല്‍ 2000 വരെ കേരള ഗവണ്‍മെന്റിന്റെ സ്‌കൂള്‍ അറബിക് ടെക്സ്റ്റ് ബുക്ക് സമിതിയില്‍ അംഗമായിരുന്നു. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ടെക്സ്റ്റ് ബുക്ക് സമിതിയിലെ ഏറ്റവും പ്രമുഖനായ അറബി ഗ്രന്ഥ രചയിതാവും സമസ്ത കേരള ജംഇയ്യത്തല്‍ ഉലമ പണ്ഡിത സഭ മുശാവറ അംഗവുമാണ്. ഇദ്ദേഹത്തിന്റെ നിരവധി അറബി ഗ്രന്ഥങ്ങള്‍ ഈജിപ്തിലെ ദാറുല്‍ ബസാഇര്‍ പ്രസാധകര്‍ സീറത്ത് സയ്യിദുല്‍ ബഷര്‍, അബുല്‍ ബഷര്‍, യാഇബുല്‍ ഗിന അടക്കം നിരവധി ഗ്രന്ഥങ്ങളും ദുബൈ ഔഖാഫ് അബുല്‍ ബഷര്‍ ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലം, ഇന്‍ഷ്വറന്‍സും ഷെയര്‍ ബിസിനസും, ഉറക്കവും സ്വപ്‌നവും, കാത്തിരുന്ന പ്രവാചകന്‍, അന്ത്യപ്രവാചകന്റെ പ്രവചനം, ഹദീസ് അര്‍ഥവും വ്യാഖ്യാനവും, തഖ്‌ലീദ് സംശയങ്ങള്‍ക്ക് മറുപടി അടക്കം 25ഓളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ രചിച്ചിട്ടുണ്ട്. സഊദിയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഇമാം നവവി പുരസ്‌കാരം, ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി പുരസ്‌കാരം, മഅ്ദിന്‍ അക്കാദമിയുടെ ശൈഖ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ്, പി എം കെ ഫൈസി മെമ്മോറിയല്‍ അവാര്‍ഡ്, മര്‍കസ് മെറിറ്റ് അവാര്‍ഡ്, കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അവാര്‍ഡ്, മഖ്ദൂമിയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, ഇറാഖ് അടക്കം നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ സമ്മേളനങ്ങളില്‍ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് ഏഴിന് മീറ്റ് ദി സ്‌കോളര്‍ പരിപാടി ‘ദി ടെന്റി’ല്‍ അദ്ദേഹം സദസ്സുമായി സംവദിക്കും.