Connect with us

Kasargod

കുട്ടിപ്പോലീസ് ജില്ലാ ക്യാമ്പിന് തുടക്കമായി

Published

|

Last Updated

ഉദിനൂര്‍: പൗരബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പോലീസും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാതല സമ്മര്‍ ക്യാമ്പിന് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ 11 വിദ്യാലയങ്ങളില്‍നിന്നായി 418 സീനിയര്‍ കേഡറ്റുകളാണ് പങ്കെടുക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് കണ്ണൂര്‍ റേഞ്ച് ഐ ജി സുരേഷ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു.
വ്യക്തിയുടെയും നാടിന്റെയും ജീവിതം സുരക്ഷിതമാകണമെങ്കില്‍ അച്ചടക്കമുള്ള സമൂഹം വേണം. എന്തിനേയും നല്ലതായി കാണുന്നതിനുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് എസ്പിസിയുടെ ലക്ഷ്യം. വാതിലുകള്‍ വേണ്ടാത്ത സ്ഥാപനങ്ങളാണ് പോലീസ് സ്‌റ്റേഷനും ആശുപത്രിയും. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് അക്രമവും പൊതുമുതല്‍ നശിപ്പിക്കലുമാണ്. സമ്പൂര്‍ണ സാക്ഷരരായ നമ്മുടെ നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്. അവകാശങ്ങളെക്കുറിച്ച് പറയുന്നതിന് മുമ്പ് പൗരന്‍ എന്ന നിലയിലുള്ള കടമകളെക്കുറിച്ച് ബോധ്യമുള്ള ഒരു സമൂഹത്തെയാണ് ഇന്ന് ആവശ്യമെന്നും അദ്ദേഹം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍, ജോയിന്റ് ആര്‍ ടി ഒ പ്രകാശ് ബാബു, കാഞ്ഞങ്ങാട് ഡി വൈ എസ് പി. എം പ്രദീപ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി രാഘവന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി വി മുഹമ്മദ് അസ്‌ലം, കെ കുഞ്ഞമ്പു പ്രസംഗിച്ചു. ഡി വൈ എസ് പി. കെ വി രഘുരാമന്‍ സ്വാഗതവും പി ടി എ പ്രസിഡന്റ് പി പി കരുണാകരന്‍ നന്ദിയും പറഞ്ഞു. ആദ്യ ദിനത്തില്‍ പ്രകൃതി ചികിത്സകന്‍ ഡോ. ജയിംസ് വടക്കാഞ്ചേരി ആരോഗ്യ ക്ലാസെടുത്തു.
സിനിമാനടി സനുഷ കുട്ടികളുമായി സംവദിച്ചു. ക്യാമ്പിന്റെ ഭാഗമായി ഇന്നലെ രാവിലെ ക്രോസ് കണ്‍ട്രി, കരാട്ടെ പരിശീലനം, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്, കൗമാര പ്രായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ക്ലാസ്, പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പ്, ചീമേനി തുറന്ന ജയില്‍ സന്ദര്‍ശനം എന്നിവ നടന്നു. ക്യാമ്പ് അഞ്ചിന് സമാപിക്കും.