രണ്ട് സൈനിക ഹെലികോപ്ടറുകള്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ വെടിവെച്ചിട്ടു

Posted on: May 3, 2014 6:00 am | Last updated: May 2, 2014 at 11:28 pm

_74596706_022111061-1കീവ്: ഉക്രൈനിലെ കിഴക്കന്‍ നഗരമായ സ്ലോവ്യന്‍സ്‌കില്‍ തീവ്രവാദവിരുദ്ധ ഓപറേഷനില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെ രണ്ട് ഹെലികോപ്ടറുകള്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ വെടിവെച്ചിട്ടു. ഒരു പൈലറ്റും ഒരു സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകര്‍ പിടിച്ചെടുത്ത ഒമ്പത് ചെക്ക്‌പോയിന്റുകള്‍ തിരിച്ചുപിടിച്ച് നാല് വിമതരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, സ്ലോവ്യന്‍സ്‌കിലെ മൂന്ന് ചെക്ക്‌പോയിന്റുകളുടെ നിയന്ത്രണം ഇപ്പോഴും തങ്ങള്‍ക്കാണെന്ന് വിമതര്‍ അവകാശപ്പെട്ടു.
സ്വന്തം പൗരന്‍മാര്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നത് ഉക്രൈനിനെ മഹാദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ഉക്രൈന്‍ വിഷയത്തിലെ നശീകരണ നയം പടിഞ്ഞാറന്‍ ശക്തികള്‍ ഉപേക്ഷിക്കണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കിഴക്കന്‍ മേഖലയില്‍ ഉക്രൈന്‍ സൈന്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ അനന്തരഫലം മഹാദുരന്തമായിരിക്കുമെന്ന് നേരത്തെ റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്ലോവ്യന്‍സ്‌കില്‍ നിരവധി വിദേശ മാധ്യമപ്രവര്‍ത്തകരെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ചിലരെ വിട്ടയച്ചു. ഡൊനേറ്റ്‌സ്‌കില്‍ മേഖലാ റെയില്‍വേ നിയന്ത്രണ കേന്ദ്രം അജ്ഞാതര്‍ കൈയേറിയിട്ടുണ്ട്. കിഴക്കന്‍ ഉക്രൈനിലെ നയതന്ത്ര പ്രതിനിധി വഌദിമര്‍ ലൂകിനുമായി ബന്ധപ്പെടാന്‍ റഷ്യക്ക് സാധിച്ചു. നേരത്തെ ബന്ധപ്പെടാനിയില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലുഹാന്‍സ്‌കില്‍ കൈയേറിയിരുന്ന പ്രോസിക്യൂട്ടറുടെ ഓഫീസും ടി വി കേന്ദ്രവും റഷ്യന്‍ വിമതര്‍ ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്.
സ്ലൊവ്യാന്‍സ്‌ക്- ക്രാമതോര്‍സ്‌ക് മേഖലയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ് സൈനിക നടപടി ആരംഭിച്ചതെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രി ആഴ്‌സന്‍ അവാകോവ് പറഞ്ഞു. ഉക്രൈന്‍ സൈനികര്‍ക്കെതിരെ തീവ്രവാദികള്‍ വന്‍തോതില്‍ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. വൈദഗ്ധ്യം നേടിയ കൂലിപ്പടയാളികളുമായുള്ള പോരാട്ടം തുടരുകയാണ്. നഗരത്തിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിച്ചാണ് വിമതര്‍ ആക്രമണം നടത്തുന്നതെന്നും അവാകോവ് ആരോപിച്ചു.