Connect with us

Editorial

വൈദ്യുത മേഖലയില്‍ സുരക്ഷ ഉറപ്പാക്കണം

Published

|

Last Updated

വൈദ്യുതി അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. വിദ്യുച്ഛക്തി ബോര്‍ഡ് അടുത്ത ദിവസം പുറത്തു വിട്ട കണക്കനുസരിച്ചു 2001 മുതല്‍ 2013 വരെയുള്ള 12 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങളുമായി ബന്ധപ്പെട്ട് 300 ഓളം കെ എസ് ഇ ബി തൊഴിലാളികളടക്കം 2230 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. സാരമായി പരുക്കേറ്റവര്‍ 2052 വരും. ഇവരില്‍ 869 പേര്‍ ബോര്‍ഡ് ജീവനക്കാരാണ്. എന്നാല്‍ പന്ത്രണ്ട് വര്‍ഷത്തിനിടെ ആയിരത്തോളം ജീവനക്കാര്‍ അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്നും കെ എസ് ഇ ബി അപകട നിരക്ക് കുറച്ചു കാണിക്കുകയാണെന്നുമാണ് ജിവനക്കാര്‍ കുറ്റപ്പെടുത്തുന്നത്. അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന വൈദ്യുത ശൃംഖലയും സംസ്ഥാനത്തെ വൃക്ഷലതാദികള്‍ നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഒരളവുവരെ അപകടങ്ങള്‍ക്ക് കാരണമെങ്കിലും ബോര്‍ഡിന്റെ അനാസ്ഥക്കും ജീവനക്കാരുടെ ഉദാസീനതക്കും ഇതില്‍ വലിയൊരു പങ്കുണ്ട്.
മഴക്കാലത്താണ് അപകങ്ങള്‍ കൂടുതലും. കാറ്റിലും മഴയിലും വൈദ്യുത ലൈനുകള്‍ പൊട്ടിവീണും മരങ്ങളും ശിഖരങ്ങളും പൊരിഞ്ഞു വീണു ലൈനുകളില്‍ തട്ടിയും അപകടങ്ങള്‍ സംഭവിക്കുന്നു. പൊട്ടിവീണ ലൈനുകളില്‍ തട്ടി പിഞ്ചു വിദ്യാര്‍ഥികള്‍ക്കടക്കം നിരവധി പേര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. അപകടങ്ങള്‍ കുറക്കാന്‍ വൈദ്യുത ലൈനുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ചില്ലകളും ഇടക്കിടെ വെട്ടിമാറ്റണമെന്നാണ് ചട്ടമെങ്കിലും യഥാസമയം അത് നിര്‍വഹിക്കാറില്ല. പലയിടത്തും കാണപ്പെടുന്ന ജീര്‍ണിച്ചതും വീഴാറായതുമായ ഇലക്ട്രിക് പോസ്റ്റുകളും ബോര്‍ഡിന്റെ അനാസ്ഥക്ക് സാക്ഷിയാണ്. പരാതിപ്പെട്ടാല്‍ ജിവനക്കാരുടെ കുറവടക്കം നിരവധി പ്രശ്‌നങ്ങള്‍ നിരത്തി വെക്കാനുണ്ടാകും. ഇത്തരം ഘട്ടങ്ങളില്‍ പരാതിക്കാര്‍ സ്വയം അറ്റകുറ്റപ്പണിക്ക് തുനിയുകയും അപകടങ്ങളില്‍ അകപ്പെടുകയും ചെയ്യാറുണ്ട്. ദുരിതങ്ങള്‍ സംഭവിക്കുമ്പോഴാണ് ജീവനക്കാരുടെയും വൈദ്യുത ബോര്‍ഡിന്റെയും കണ്ണ് തുറക്കുന്നത്.
ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ജോലിക്കിടെയുള്ള അപകടങ്ങള്‍ക്ക് കാരണമെന്നാണ്. എര്‍ത്ത് റാഡ്, സേഫ്റ്റി ബെല്‍റ്റ്, ഹെല്‍മെറ്റ്, സേഫ്റ്റി ഷൂ, റീ ചാര്‍ജബിള്‍ ടോര്‍ച്ച,് ഓക്‌സിമാസ്‌ക തുടങ്ങി ജീവനക്കാര്‍ക്ക് അനിവാര്യമായ ഉപകരണങ്ങള്‍ മിക്ക ഓഫീസുകളിലും ആവശ്യത്തിനുണ്ടാകാറില്ല. സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ബോര്‍ഡ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ജോലിക്കിറങ്ങുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിക്കുമ്പോള്‍, നിയമം പാലിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നില്ല. വൈദ്യുതി പ്രസരണ, വിതരണ ശൃംഖല അപകടരഹിതമാക്കുന്നതിനായി നേരത്തെ മോഡല്‍ സെക്ഷന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അതും പ്രാവര്‍ത്തികമാക്കാനായിട്ടില്ല.
സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലുള്ള ജീവനക്കാരുടെ അശ്രദ്ധയും ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അറ്റകുറ്റപ്പണി നടത്തേണ്ടി വരുമ്പോഴും പൊട്ടിയ ഭാഗം പുനസ്ഥാപിക്കുമ്പോഴും ബന്ധപ്പെട്ട വൈദ്യുതി ലൈന്‍ ഓഫ് ചെയ്യണമെന്നും പോസ്റ്റില്‍ കയറുമ്പോള്‍ സുരക്ഷാ ബെല്‍റ്റ് ധരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഫ്യൂസ് സ്ഥാപിച്ചിരിക്കുന്നത് കിലോമീറ്ററുകള്‍ അകലെയാണെങ്കിലും ലൈന്‍ ഓഫ് ചെയ്യാതെ പോസ്റ്റില്‍ കയറരുതെന്നാണ് ചട്ടം. പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. വൈദ്യുതി മുടങ്ങുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് പലപ്പോഴും സുരക്ഷ ഒരുക്കാതെ തന്നെ അറ്റകുറ്റപ്പണി നടത്താന്‍ തുനിയുന്നത്. ലോഡ്‌ഷെഡിംഗ് സമയം സുരക്ഷാ ഘട്ടമാണെന്ന ധാരണയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജീവന്‍ നഷ്ടപ്പെട്ടവരുമുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ നയങ്ങളിലും കര്‍മപരിപാടികളിലും സുരക്ഷക്ക് പരമപ്രാധാന്യം നല്‍കുകയാണിതിനൊരു മാര്‍ഗം. സുരക്ഷക്ക് പ്രാധാന്യം കല്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതി, വൈദ്യുത ശൃംഖലയുമായി ഇടപെടുന്ന ജീവനക്കാരുടെയും കരാറ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവിതശൈലിയുടെ ഭാഗമായി മാറണം. ഇക്കാര്യത്തെക്കുറിച്ചു അവരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്.