സീമാന്ധ്രയില്‍ ബി ജെ പി ബന്ധം നഷ്ടക്കച്ചവടമാകുമെന്ന് ടി ഡി പിക്ക് ഭയം

    Posted on: May 3, 2014 12:01 am | Last updated: May 2, 2014 at 11:14 pm

    ഹൈദരാബാദ്: സീമാന്ധ്രയില്‍ തെലുഗു ദേശം പാര്‍ട്ടിയും ബി ജെ പിയും തമ്മിലുള്ള സഖ്യം പല പ്രതിസന്ധികളിലും ആടിയുലഞ്ഞ് ഒടുവില്‍ ഒന്ന് നിവര്‍ന്ന് നിന്നിട്ടേയുളളൂ. പക്ഷേ ടി ഡി പി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആശങ്കയിലാണ്. ആശങ്ക മെല്ലെ നേതാക്കളിലേക്കും പടരുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളാണ് പ്രശ്‌നം. കാലങ്ങളായി മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ടി ഡി പിയെ പിന്തുണക്കുന്നവരാണ്. ഇത്തവണ ഇവര്‍ പാര്‍ട്ടിയെ കൈയൊഴിയുമെന്നാണ് പ്രചാരണ രംഗത്ത് സജീവമായ നേതാക്കള്‍ പറയുന്നത്. ബി ജെ പി ബന്ധത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ സാഹിദ് അലി ഖാന്‍ ടി ഡി പി വിട്ടത് ഇതിന്റെ തെളിവാണ്.
    സീമാന്ധ്ര മേഖലയില്‍ ആകെ വോട്ടര്‍മാരില്‍ 12ശതമാനത്തിലധികം പേര്‍ മുസ്‌ലിംകളാണ്. 10 ശതമാനം പേര്‍ ക്രിസ്ത്യാനികആളും. മുഴുവന്‍ പാര്‍ട്ടികളിലെയും നേതാക്കള്‍ ഇവരെ സ്വാധീനിക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ പ്രതിരോധത്തിന് യാതൊരു വഴിയുമില്ലാതെ വലയുകയാണ് ടി ഡി പി. പാര്‍ട്ടി മേധാവി ചന്ദ്ര ബാബു നായിഡുവിന് ന്യൂനപക്ഷ നേതാക്കളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അത്‌കൊണ്ട് വലിയൊരു വോട്ട് ചോര്‍ച്ച ഉണ്ടാകില്ലെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ മുസ്‌ലിംകള്‍ അടക്കമുള്ളവര്‍ക്ക് ബി ജെ പി ബന്ധം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് രണ്ടാം നിര നേതാക്കള്‍ തീര്‍ത്ത് പറയുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കുമ്പോള്‍ ബി ജെ പിയുമായി സഖ്യത്തിലായത് ഒട്ടും ശരിയായില്ലെന്നാണ് അവര്‍ ശക്തമായി വാദിക്കുന്നത്. ആന്ധ്രാ പ്രദേശ് വിഭജിച്ച് നിലവില്‍ വരുന്ന തെലങ്കാനയിലെ നിയമസഭയിലേക്കും അവിടെ നിന്നുള്ള ലോക്‌സഭാ സീറ്റുകളിലേക്കും കഴിഞ്ഞ മാസം 30ന് വോട്ടെടുപ്പ് നടന്നിരുന്നു. സീമാന്ധ്ര മേഖലയില്‍ ഈ മാസം ഏഴിനാണ് വോട്ടെടുപ്പ്.
    ടി ഡി പിക്ക് ഏല്‍ക്കുന്ന ആഘാതത്തിന്റെ പങ്ക് പിടിക്കാനായി കോണ്‍ഗ്രസും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വൈ എസ് ആര്‍ കോണ്‍ഗ്രസിനാകും വലിയ ഓഹരി ലഭിക്കുകയെന്നാണ് വിലയിരുത്തല്‍. നിയമ സഭയിലേക്ക് വൈ എസ് ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും നിര്‍ത്തുന്ന മുസ്‌ലിം സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് വിജയവാഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയേതര മുസ്‌ലിം സംഘടനയായ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മൂല്യം നോക്കി തീരുമാനമെടുക്കുമെന്ന് ഫ്രണ്ട് ചെയര്‍മാന്‍ ഹബീബുര്‍റഹ്മാന്‍ പറഞ്ഞു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമെന്നും അദ്ദേഹം പറയുന്നു.
    175 സീറ്റുകളുള്ള നിയമസഭയിലേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് നാല് പേരെ മാത്രമാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. 25 ലോക്‌സഭാ സീറ്റിലേക്ക് ആരുമില്ല താനും. ടി ഡി പിയും കോണ്‍ഗ്രസും ലോക്‌സഭയിലേക്ക് ഓരോ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു.